Saturday 15 September 2012

പാലത്തില്‍ കോണിവച്ചു കയറുന്നവര്‍



ചിത്രത്തില്‍ കോണി കയറിവരുന്നത് ആരെന്നു ശ്രദ്ധിച്ചല്ലോ. മുന്‍മുഖ്യമന്ത്രി സിഎച്ചിന്റെ പൊന്നോമന പുത്രന്‍ സാക്ഷാല്‍ ശ്രീമാന്‍ എം.കെ. മുനീര്‍. മന്ത്രിപുംഗവനാകയാല്‍ വേണ്ടത്രയും അതിലേറെയും പരിവാരങ്ങളുണ്ട് കൂടെ. സെക്യൂരിറ്റിയും പൊലീസും പാര്‍ട്ടിക്കാരും നാട്ടുകാരും അല്ലാത്തവരുമെല്ലാമുണ്ട്. വിളിച്ചുവരുത്തിയ ചിരിയാണെങ്കിലും സുസ്‌മേരവദനന്‍ ആളു മൊഞ്ചന്‍തന്നെ. കയറിവരുന്നത് എങ്ങോട്ടെന്നല്ലേ ഇനി അറിയേണ്ടത്. പറയാം.

ഇതാണ് കോതിപാലം. കൃത്യം 14 വര്‍ഷം മുന്‍പ്, ഒന്നുകൂടി കൃത്യമാക്കിയാല്‍, കോണിച്ചിഹ്നത്തില്‍തന്നെ മത്സരിച്ചു ജയിച്ച ശ്രീമാന്‍ പി.കെ.കെ. ബാവ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോള്‍ പണിപൂര്‍ത്തിയായ കോഴിക്കോട് കടപ്പുറത്തെ കോതിപാലം. അങ്ങിങ്ങ് അറ്റുതോറ്റുകിടക്കുന്ന തീരദേശപാതയെ കല്ലായിപ്പുഴയുടെ അക്കരെയിക്കരെ കടത്തേണ്ട ബലവത്തായ കണ്ണി. കോഴിക്കോട് നഗരത്തിലെ നീര്‍ച്ചുഴിക്കുരുക്കു നിവര്‍ത്തേണ്ട ബദല്‍ മാര്‍ഗങ്ങളിലൊന്ന്. ഒരു വ്യാഴവട്ടത്തിനും പിന്നെയുമൊരു രണ്ടുവര്‍ഷത്തിനും മുന്‍പു പണിപൂര്‍ത്തിയായ ആ പാലത്തിലാണ് മന്ത്രിയുള്‍പ്പെടെ ഉള്ളവര്‍ ഇപ്പോഴും കോണിവച്ചു കയറുന്നത്. ഒരുപക്ഷെ, കണ്ടെയ്‌നറുകള്‍ക്കും പോകാന്‍ പാകത്തില്‍ വലുപ്പമുള്ള കോണ്‍ക്രീറ്റ് പാലത്തില്‍ ഇരുമ്പുകോണിവച്ചു കയറുന്ന ലോകത്തിലെത്തന്നെ ഏക പ്രദേശം..!!

അപ്പൊ, ഇതൊക്കെയാണു കോതിപാലം. പാലത്തിലേക്കു കയറാന്‍ അപ്രോച്ച് റോഡ് ഇപ്പഴും ഇല്ലെന്നതാണു പ്രശ്‌നം. ഉണ്ടാക്കാന്‍ ആളുകള്‍ക്കു താല്‍പ്പര്യമില്ല എന്നതാണു വാസ്തവം. എന്നല്ല, അങ്ങനെയൊന്ന് ഉണ്ടാക്കാന്‍ അവര്‍ സമ്മതിക്കില്ല എന്നു പറഞ്ഞാല്‍ അതാണു കൂടുതല്‍ ശരി. എന്തെങ്കിലും പറഞ്ഞു കലമ്പാന്‍ മിടുക്കരാണു നമ്മുടെ കോതി പ്രദേശത്തുകാര്‍. കുടിയൊഴിപ്പിക്കലിന്റെ പേരു പറഞ്ഞു ബഹളംവയ്ക്കും. ജെസിബി നെഞ്ചത്തുകൂടി കയറ്റിയിറക്കേണ്ടിവരുമെന്നു പറഞ്ഞു പുരുഷന്‍മാര്‍ ഭീഷണിപ്പെടുത്തും. ഞാനും മക്കളും കടലില്‍ ചാടിച്ചാകുമെന്ന് ഉള്ളിക്കണ്ണീരൊഴുക്കി ഉമ്മമാര്‍ ഉരുവിടും. എല്ലാം കേട്ടുകഴിയുമ്പോള്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലംവിടും. അമ്മാതിരിയൊരു പോക്കാണ് മുകളിലെ ചിത്രത്തില്‍. ഏറ്റവുമൊടുവില്‍ പാലത്തിലേക്ക് ഒരു താല്‍ക്കാലിക മണ്‍പാത ഒരുക്കുന്നതിനു തുടക്കം കുറിക്കാന്‍ എത്തിയതാണു മന്ത്രിപുംഗവരും സംഘവും. അവരെയാണു നാട്ടുകാര്‍ വിരട്ടിവിട്ടത്. അതിന്റെ ക്ഷോഭത്തില്‍ വേദിവിട്ടിറങ്ങി പാലം കയറി മടങ്ങുകയാണു മന്ത്രി. അതിനിടെ ക്യാമറ കണ്ടപ്പോള്‍ വരുത്തിയ കൃത്രിമ പുഞ്ചിരിയാണു മുഖത്ത്. അത് ഒപ്പിയെടുക്കുകയായിരുന്നു ഫോട്ടോഗ്രഫറുടെ മുന്നിലെ വിഷയം. അതിനാലാണു പാലം ഫോട്ടോയില്‍ വരാതിരുന്നത്. പാലത്തിന്റെ ഫോട്ടൊ താഴെ-


കുടിയൊഴിപ്പിക്കല്‍ അഥവാ കടിയൊഴിപ്പിക്കല്‍

യഥാര്‍ഥത്തില്‍ കുടിയൊഴിപ്പിക്കല്‍ ഒരു വിഷയംതന്നെയല്ലേ...? ആണ്. കട്ടായം. തര്‍ക്കമേയില്ല. സ്വന്തം വീടും കിടപ്പാടവും നഷ്ടപ്പെടുന്നത് വലിയ വിഷയം തന്നെ. അതിനു തക്കതായ നഷ്ടപരിഹാരം ലഭിച്ചേ പറ്റൂ. അതു നല്‍കുകതന്നെ വേണം. എന്നാല്‍, നഷ്ടപരിഹാരം നല്‍കിയാലും ഒഴിയില്ലെന്നാണെങ്കിലോ..? അപ്പോള്‍ വിഷയം മറ്റൊന്നാണ്. ചെയ്യുന്നത് സമൂഹത്തോടു മൊത്തത്തിലുള്ള അപരാധമാവും. പൊതുനന്‍മയുടെ കാര്യത്തില്‍ വ്യക്തികളുടെ ചെറിയ അസൗകര്യങ്ങള്‍ തല്‍ക്കാലത്തേക്ക് മാറ്റിനിര്‍ത്തുകതന്നെ വേണം. ഇല്ലെങ്കില്‍ നാടിന്റെ നില പരുങ്ങും. പണ്ടുകാലത്തുള്ളവര്‍ അങ്ങനെ ചിന്തിച്ചതുകൊണ്ടു മാത്രമാണ് ഇന്നീ കാണുന്ന റോഡും പാലവും ഗതാഗത സൗകര്യങ്ങളുമെല്ലാം ഉണ്ടായത്. അവരും നമ്മളെപ്പോലെ ഇടുങ്ങിയ ചിന്താഗതിക്കാര്‍ ആയിരുന്നെങ്കില്‍ ഞാനും നിങ്ങളും കേരളത്തിലെ റോഡുകളില്‍ 10 കിലോ മീറ്റര്‍ താണ്ടാന്‍ പതിനാലു മണിക്കൂറെടുത്തേനെ..!

കോതിയുള്‍പ്പെടെ പല കുടിയൊഴിപ്പിക്കല്‍ വിരുദ്ധ, പദ്ധതി വിരുദ്ധ സമരങ്ങളുടെയും കാര്യം ബഹുരസം. എന്റെ വീട് ഇതില്‍പ്പെടേണ്ട, അപ്പുറത്തെ വീട് ഉള്‍ക്കൊള്ളിച്ച് അലൈന്‍മെന്റ് മാറ്റിവരച്ചോളൂ എന്നാണ് ഞങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ലഭിച്ച പരാതികളെന്ന് ഒരു പൊതുമരാമത്ത് ഉദ്യോഗസ്ഥന്‍ പറഞ്ഞതോര്‍ക്കുന്നു. കോതിയിലെ കുടിയൊഴിപ്പിക്കലിലുമുണ്ട് ഇത്തരം ചില തമാശകള്‍. കോര്‍പ്പറേഷന്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം നേരത്തെ വാങ്ങിയവര്‍ എതിര്‍പ്പുകാരുടെ കൂട്ടത്തിലുണ്ട്. പുറമ്പോക്കില്‍ യാതൊരു രേഖയുമില്ലാതെ താമസിച്ചിട്ടും കോര്‍പ്പറേഷന്‍ കനിവു കാണിച്ചു പുതിയൊരു വീട്ടിലാക്കി രേഖ നല്‍കിയിട്ടു വീണ്ടും സമരത്തിനു വരുന്നവരുണ്ട്. കോര്‍പ്പറേഷന്റെ ഭൂമി നഷ്ടപരിഹാരമായി വാങ്ങിയശേഷം, കുടിയൊഴിയേണ്ടിയിരുന്ന വീട് വാടകയ്ക്ക് കൊടുത്ത് അതിന്റെ ആദായം പറ്റുന്നവരുണ്ട്. വാടക നിലച്ചുപോകരുതെന്ന നിര്‍ബന്ധത്താല്‍ ജെസിബി തടയാന്‍ ഇറങ്ങുന്നവരുടെ കൂട്ടത്തില്‍ മുന്‍പന്തിയില്‍ ഇക്കൂട്ടര്‍ നിലയുറപ്പിക്കാറുണ്ട്. സ്വാഭാവികമായും വാടകവീട്ടിലെ താമസക്കാരും മോശമാക്കാറില്ല. ഒഴിയണമെങ്കില്‍ അവര്‍ക്കും വീടും സ്ഥലവും നല്‍കണമെന്നതാണ് അവരുടെ ശാഠ്യം. ഇങ്ങനെ പല കോലക്കാരാണു കോതിയിലെ ജെസിബി വിരുദ്ധര്‍. കോതിയില്‍നിന്നു വളരെയൊന്നും വ്യത്യസ്തമല്ല മറ്റു സമരങ്ങളും. ഇത്തരം കോപ്രായങ്ങള്‍ക്കു വാര്‍ത്താപ്രാധാന്യവും കുറെപ്പേരുടെയെങ്കിലും പിന്തുണയും ലഭിക്കുന്നു എന്നതാണു കേരളത്തിലെ സമകാലീന ദുരന്തം. പ്രൊജക്‌റ്റോഫോബിയ എന്ന പുതിയൊരുതരം മാനസികരോഗം കേരളത്തില്‍ അതിവേഗം പടര്‍ന്നു പന്തലിക്കുന്നു.

സമ്പന്നം ഈ സമരനിഘണ്ടു

എന്താണ് യഥാര്‍ഥത്തില്‍ നമ്മുടെ വികസനപദ്ധതികള്‍ക്കു സംഭവിക്കുന്നത്..? ആരാണു പ്രശ്‌നക്കാര്‍..? എല്ലാം ഒരുപാടു ചര്‍ച്ച ചെയ്തതുതന്നെ. എന്തിനും  ഭരണാധികാരികളെ മാത്രം പഴിച്ചു ശീലിച്ചൊരു ജനവിഭാഗമാണു നമ്മളെന്നതില്‍ വലിയ തര്‍ക്കമുണ്ടാവാന്‍ വഴിയില്ല. ഇവിടെ ഭരണകൂടം മാത്രമാണോ പ്രശ്‌നം..? അല്ലേയല്ല. പ്രശ്‌നക്കാര്‍ നമ്മുടെ മനോഭാവംതന്നെയാണ്. എന്തു പുതിയതിനെയും എതിര്‍ക്കുന്നതാണല്ലോ നമ്മുടെ പ്രഖ്യാപിത ശൈലി. അതിനു നമുക്കു നമ്മുടെതായ വിചിത്രമായ ചില ന്യായങ്ങളും അതിനെ പിന്താങ്ങുന്ന പദാവലികളുമുണ്ട്‌. ആഗോള അജണ്ട, സാമ്രാജ്യത്വ ദാസ്യവേല, മനുഷ്യാവകാശ ലംഘനം, കോര്‍പ്പറേറ്റുകള്‍ക്കു തീറെഴുതല്‍, കുത്തകകളുടെ ചെരിപ്പു നക്കല്‍, വന്‍കിടക്കാര്‍ക്കു മുന്നില്‍ മുട്ടിലിഴയല്‍... ഇങ്ങനെ ഒരു നിഘണ്ടു തയ്യാറാക്കാന്‍ മാത്രം വാക്കുകളും പ്രയോഗങ്ങളും പരന്നു കിടക്കുന്നു യഥേഷ്ടം എടുത്തുപയോഗിക്കാന്‍ പാകത്തില്‍. അവ വേണ്ടുവോളം നമ്മുടെ നാവിന്‍ തുമ്പില്‍ തത്തിക്കളിക്കും. ഒടുക്കം ശരിയും തെറ്റും തിരിയാതാക്കി ആശയക്കുഴപ്പം സൃഷ്ടിച്ച് നാട്ടുകാരെ തെരുവിലിറക്കി അടിമുടി പദ്ധതികളെ തകര്‍ക്കും. ഇതാണിപ്പോള്‍ കേരളത്തിലെ പൊതുവായ രീതി. ഉദാഹരണം എത്രവേണമെങ്കിലുമുണ്ട്. ഇതാ ഒരെണ്ണം താഴെ.

കനലെരിഞ്ഞ കിനാലൂര്‍

പണ്ട് സുശീലാഗോപാലന്‍ വ്യവസായമന്ത്രിയായിരുന്നപ്പോള്‍ എടുത്തിട്ടതാണ് കോഴിക്കോട് കിനാലൂരിലെ വ്യവസായ കേന്ദ്രത്തിനുള്ള ഭൂമി. വ്യവസായവും പദ്ധതികളും വരണമെങ്കില്‍ റോഡും വൈദ്യുതിയും വെള്ളവുമൊക്കെ വേണം. അതില്ലാത്തിടത്തോളം ആരും വരില്ല. ഇതൊന്നും ആര്‍ക്കും അറിയാത്തതാണെന്നു കരുതാന്‍ വഴിയില്ല.

ഏകര്‍കണക്കു ഭൂമിയുടെ ഈ പുരനിറഞ്ഞുള്ള നില്‍പ്പു കണ്ടാണു മുന്‍ വ്യവസായമന്ത്രി എളമരം കരീം ചില പദ്ധതികളുമായി ഇറങ്ങിത്തിരിച്ചത്. അതിലേക്കായി നല്ലൊരു റോഡു വിഭാവനം ചെയ്തു. അതിനു സര്‍വേ നടത്തി. അപ്പോഴേയ്ക്കുമിറങ്ങി പുതിയ ചില പരിസ്ഥിതിസ്‌നേഹികള്‍. പതിവു പദാവലികള്‍ പ്രസംഗങ്ങളില്‍ നിറഞ്ഞൊഴുകി. റോഡ് 100 മീറ്റര്‍ വീതിയിലാണെന്നു പ്രചരിപ്പിച്ചു. നൂറായാലും ഒരു കുഴപ്പവമില്ല. എന്നാല്‍, അതു കേവലം 30 മീറ്ററില്‍ താഴെയാണ് ഉദ്ദേശിച്ചത് എന്നതിന് അക്കാലത്തെ രേഖകള്‍ സാക്ഷി. റോഡില്‍ കയറാന്‍ നാട്ടുകാര്‍ക്കു പാസ് വേണമെന്നായിരുന്നു മറ്റൊരു പ്രചാരണം. റോഡ് മീറ്ററുകള്‍ ഉയരത്തില്‍ വിലങ്ങനെ കിടക്കുമെന്നതിനാല്‍ മഴക്കാലത്തു വെള്ളം ഒഴുകിപ്പോകില്ലെന്നും അതിനാല്‍ നാടാകെ വെള്ളം കുടിച്ചു ചാകുമെന്നും പ്രചരിപ്പിച്ചു. ഇതെല്ലാം ഏറ്റുപിടിക്കാന്‍ ചില കടലാസ് സംഘടനകളും പത്രത്തില്‍ പേരടിച്ചു വരുന്നതിന് ഇതിനെക്കാള്‍ ചുളുവില്‍ മാര്‍ഗമില്ലെന്നു നന്നായറിയുന്ന ചിലരും കൂട്ടിനുണ്ടായി. പിന്നീടുണ്ടായതല്ലാം എല്ലാവര്‍ക്കും അറിയാമല്ലോ.

യഥാര്‍ഥത്തില്‍ കിനാലൂരില്‍ നല്‍കിയതിനെക്കാള്‍ മികച്ച പാക്കേജ് ആര്‍ക്കെ്ങ്കിലും നല്‍കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ എനിക്കിപ്പോഴും സംശയംതന്നെയാണ്. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് മാര്‍ക്കറ്റ് വിലയായിരുന്നു ഓഫറുകളില്‍ ഒന്ന്. ഇവര്‍ക്ക് റോഡരികില്‍ അഞ്ചു സെന്റ് സ്ഥലവും. ഇതിന്റെ മൂല്യം എത്രവരുമെന്ന് ഊഹിക്കാമല്ലോ. കുടിയൊഴിയുന്ന കുടുംബത്തിലെ ഒരംഗത്തിന് ആളുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് കിനാലൂരിലെ വ്യവസായ സംരംഭത്തില്‍ ജോലിയും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു. ഇതില്‍ക്കൂടുതല്‍ എന്ത് ഓഫറാണ് നമ്മുടേതുപോലുള്ള ഒരു രാജ്യത്തെ സര്‍ക്കാരിന് മുന്നോട്ടുവയ്ക്കാന്‍ കഴിയുകയെന്ന് എത്ര ആലോചിച്ചിട്ടും എനിക്കന്ന് പിടികിട്ടിയില്ല. ഇപ്പഴും കിട്ടിയിട്ടില്ല, കേട്ടോ.

എന്നാല്‍, ഇതിലൊന്നു മാത്രമായിരുന്നില്ല വഴിപാടു സമരത്തിനു കൊടിയുയര്‍ത്തിയവരുടെ താല്‍പ്പര്യം. അവര്‍ നാട്ടുകാരില്‍ ചിലരെ സംഘടിപ്പിച്ചു മാര്‍ച്ചു ചെയ്തു. ചിലരെ എന്നിവിടെ പറയുന്നതു ബോധപൂര്‍വം തന്നെ. കാരണം, അന്ന് സര്‍വേയ്ക്കു വന്നപ്പോള്‍ അളക്കാന്‍ ഉദ്ദേശിച്ച മൂന്നു കിലോമീറ്റര്‍ പ്രദേശത്തെ 84ഓളം വീടുകളില്‍ 50ലേറെപ്പേര്‍ ഭൂമി വിട്ടുകൊടുക്കാന്‍ ഒരുക്കമായിരുന്നു എന്നതാണു വാസ്തവം. അവര്‍ അക്കാര്യം സമ്മതിച്ചതുമാണ്. അങ്ങനെയെങ്കിലും കുടുംബം രക്ഷപ്പെടട്ടെ എന്നാണ് അവരൊക്കെ ആഗ്രഹിച്ചത്. സമ്മതപത്രം ഒപ്പിടാന്‍ അന്നേരം തയ്യാറാവാത്തവര്‍ ശാശ്വതമായി ഈ പദ്ധതിക്ക് എതിരായിരുന്നു എന്നും കരുതരുത്. വരട്ടെ, നോക്കാം എന്നതായിരുന്നു അവരുടെയും നിലപാട്. പക്ഷെ, നാടിന്റെ പൊതുവായ ആ ആവശ്യം കീഴ്‌മേല്‍ മറിക്കപ്പെട്ടു. അതിന്റെ സംഘാടകര്‍ ഏതാനും നാട്ടുകാരെയും മറുനാട്ടുകാരെയും കൂട്ടി കിനാലൂരിലേക്കു മാര്‍ച്ചു ചെയ്തു. സമരക്കാര്‍ പൊലീസിനു മേല്‍ ചാണകമൊഴിച്ചു. കേരളാ പൊലീസില്‍ അഭിമാനബോധം ഇപ്പഴും അവശേഷിക്കുന്നതിനാലാവണം അവര്‍ അന്നു വേണ്ടവിധം കൈകാര്യം ചെയ്തുവിട്ടു. പിന്നീടുണ്ടായതെല്ലാം ചരിത്രം.

ഇതാ വീണ്ടും.. 

തീര്‍ന്നിട്ടില്ല നമ്മുടെ വികസന ശകുനങ്ങള്‍. അത് അഭംഗുരം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. എമേര്‍ജിങ് കേരളയ്ക്കു പിന്നിലെ പുകില്‍ നമ്മളെല്ലാം കണ്ടു. അതിരപ്പിള്ളി പദ്ധതിക്ക് അനുമതിക്കായി എത്രകാലമായി ചൊറിയും കൊത്തിയിരിക്കുന്നു കേരളത്തിലെ ഇരുമുന്നണികളും. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം അതിരപ്പിള്ളിയെ ഇനിയും തൊടാന്‍ വിട്ടിട്ടില്ല. പാത്രക്കടവും സൈലന്റ് വാലിയുമൊക്കെ അങ്ങനെത്തന്നെ. ഏതു പദ്ധതി തുടങ്ങാനും കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും എന്‍ഒസി വേണമെന്നര്‍ഥം. പരിസ്ഥിതി നിയമങ്ങള്‍ വേറെയുമുണ്ട്. ഇവയുടെയൊക്കെ ഉള്ളില്‍നിന്നു മാത്രമേ ഏതു പദ്ധതികളും തുടങ്ങാനൊക്കൂ. അനുമതി സംഘടിപ്പിക്കാന്‍ ആരെങ്കിലും കുറക്കുവഴികള്‍ തേടുന്നുണ്ടോ എന്നു മാത്രം ശ്രദ്ധിച്ചാല്‍ മതി നാട്ടിനൊരു ഗുണവുമില്ലാതെ വാചകമടിയില്‍ ജീവിക്കുന്ന ഈ സംഘടനാഡസനുകളൊക്കെ. അങ്ങനെയെങ്കില്‍ അതായിരിക്കും അവര്‍ ഈ നാടിനോടു ചെയ്യുന്ന ഏറ്റവും വലിയ സല്‍ക്കര്‍മം. അതെങ്ങനാ, അപ്പൊ നാടു നന്നായിപ്പോവുമല്ലോ, ല്ലേ.


വാല്‍ക്കഷണം..

ഏറ്റവുമൊടുവില്‍ കഴിഞ്ഞ 12ന് (സെപ്റ്റംബര്‍ 12) കോഴിക്കോട് കലക്റ്ററേറ്റിനു മുന്നില്‍ ഒരു മാര്‍ച്ച് നടന്നിരിക്കുന്നു. അതിവേഗ റെയ്ല്‍ ഇടനാഴി ഉപേക്ഷിക്കണമെന്നാണ് ആവശ്യം. അത് ആളുകളെ കുടിയൊഴിപ്പിക്കുമത്രെ..!! ഇവിടെ ആളുകള്‍ക്ക് എങ്ങോട്ടും പോകണ്ട, വീടുണ്ടാക്കി പായവിരിച്ച്‌
കിടന്നുറങ്ങിയാല്‍ മാത്രം മതിയെന്നാണോ ഇവരുടെയൊക്കെ ധാരണ, എന്തോ. പ്രിയപ്പെട്ട അല്‍ഖ്വയ്ദക്കാരേ... നിങ്ങളാണ് അമേരിക്കയിലെ വേള്‍്ഡ ട്രേഡ് സെന്റര്‍ സെപ്റ്റംബര്‍ 11നു ബോംബിട്ടു തകര്‍ത്തതെന്നൊരു പൊതുസംസാരമുണ്ട്. റെയ്ല്‍ ഇടനാഴിക്കെതിരെ സമരം ചെയ്തവര്‍ തെരഞ്ഞെടുത്തത് അതേ ആക്രമണത്തിന്റെ വാര്‍ഷിക സുദിനമഹാമഹത്തിന്റെ പിറ്റേന്നാളാണ്. അടുത്ത വാര്‍ഷികത്തിലെങ്കിലും അതുപോലൊരു ബോംബ് ഇവറ്റകളുടെയൊക്കെ തലമണ്ടയില്‍ വര്‍ഷിക്കാന്‍ പാകത്തില്‍ കെട്ടിയൊരുക്കി വെക്കണേ... എന്നിട്ടു പിറ്റേന്നാള്‍ ലവലേശം കൈവിറക്കാതെ അതീ സമരകോമാളികളുടെ മൂര്‍ധാവില്‍
വര്‍ഷിക്കാനും കനിവുണ്ടാകണേ...!!

Sunday 26 August 2012

നോ പെന്‍ഷന്‍, നോ ടെന്‍ഷന്‍



ങ്കാളിത്ത പെന്‍ഷനെതിരായ സമരം ഓഗസ്റ്റ് 21ലെ പണിമുടക്കില്‍ ഒതുങ്ങിയോ...? എന്തോ, അറിയില്ല. ഒന്നും കേള്‍ക്കുന്നില്ല. അങ്ങനെത്തന്നെ ആവാനാണു വഴി. അല്ലെങ്കിലും ആര്‍ക്കുവേണ്ടിയാണീ സമരം. ഇനിയും തൊഴില്‍ ലഭിച്ചിട്ടില്ലാത്ത ദരിദ്രവാസികള്‍ക്കുവേണ്ടിയോ...? തൊഴില്‍വാര്‍ത്തയും കക്ഷത്തുവച്ച്, ബ്രില്യന്‍സ് ഗൈഡിന്റെ അട്ടിയില്‍ മോഹങ്ങള്‍ ഹോമിക്കുന്ന പിഎസ് സി അപേക്ഷകനുവേണ്ടിയോ..? ഹേയ്, അതിന്റെ ആവശ്യമേ ഇല്ല. തല്‍ക്കാലം കണ്ണില്‍പ്പൊടിയിടാന്‍ ഒരു സമരം വേണം. രണ്ടു നാളെങ്കില്‍ അത്രയും നേരം, വിഷയം വഴിമാറിപ്പോകണം. അതിനൊരു കാരണം കിട്ടി നമ്മുടെ സര്‍വിസ് സംഘടനകള്‍ക്ക്. അതായിരുന്നു, അതുമാത്രമാണ് പങ്കാളിത്ത പെന്‍ഷന്‍. അല്ലെന്നുണ്ടോ..?

സമരത്തിലെ ആത്മാര്‍ഥതയെ ചോദ്യം ചെയ്‌തെന്നു കരുതി ഞാനൊരു പങ്കാളിത്തപെന്‍ഷന്‍ വിരുദ്ധവാദിയാണെന്നൊന്നും കരുതരുതേ. അസ്സല്‍ അതിന്റെ അനുകൂലിയാണ് ഞാന്‍. പെന്‍ഷന്‍തുക പകുതിയല്ല, പറ്റുമെങ്കില്‍ മുഴുവനും സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടുതന്നെ വാങ്ങണമെന്ന തീവ്രവാദക്കാരന്‍. പുതുതായി വരുന്നവര്‍ക്കു മാത്രമല്ല, ഇപ്പോളുള്ളവര്‍ക്കുകൂടി പങ്കാളിത്തം ബാധകമാക്കണമെന്ന ന്യായക്കാരന്‍. വയസായി വയ്യാതാകുമ്പോഴത്തെ കാര്യങ്ങളല്ലേ. കുറച്ചൊക്കെ സര്‍ക്കാരങ്ങു കൊടുത്തോട്ടെ എന്നൊരു സോഫ്റ്റ് കോര്‍ണറും ഇല്ലാതല്ല. എന്നിരുന്നാലും ഇപ്പോഴത്തെ പെന്‍ഷന്‍ സമ്പ്രദായത്തോട് ഒരുനിലയ്ക്കും യോജിക്കാന്‍ കഴിയില്ല. പൊതുഖജനാവിന്റെ 50 ശതമാനത്തിലേറെയും തുക ജനസംഖ്യയിലെ ആകെ വരുന്ന 1.5 ശതമാനത്തിനു വേണ്ടി ചെലവഴിക്കുകയോ..? ബ്ലഡി നോണ്‍സെന്‍സ്. എന്നോ പിഴുതെറിയേണ്ടിയിരുന്നു ഈ സാമൂഹ്യ അസംബന്ധത്തെ. അതിത്രയുംവച്ചു വൈകിച്ചതു നമ്മുടെ ഭരണകൂടങ്ങള്‍ പൊതുജനങ്ങളോടു കാലങ്ങളായി കാണിച്ചുകൊണ്ടിരിക്കുന്ന മഹാഅപരാധം. കുടത്തിലാവാഹിച്ചു വായമൂടിക്കെട്ടി കടലിലൊഴുക്കണമായിരുന്നു ഈ ദുര്‍ഭൂതത്തെ. അതിത്രനാളും വൈകിച്ചതിനു കൈകള്‍ കുന്നിയില്‍ക്കെട്ടി ഏത്തമിടീക്കുകയും വേണം. ഇനിയുള്ള കാലമെങ്കിലും ബാധമോചിതമായി കഴിയട്ടെ നാടും നാട്ടാരും.

അമ്പരക്കാന്‍ ചില കണക്കുകള്‍

ജീവനക്കാരെയും പെന്‍ഷന്‍കാരെയും സംബന്ധിക്കുന്ന ചില കണക്കുകളിലേക്ക്- 

  • കേരളത്തിന്റെ ആകെ വരുമാനം - 48,120 കോടി
  • ജീവനക്കാര്‍ക്കുള്ള ശമ്പളം - 16,765 കോടി
  • പെന്‍ഷന്‍ - 8178 കോടി 
  • ശമ്പളവും പെന്‍ഷനും ചേര്‍ന്ന് - 24,943 കോടി. 

അപ്പൊ, അതാണ് കാര്യം. ആകെ വരുമാനമായ 48,000 കോടിയുടെ പകുതിയിലേറെയും ജീവനക്കാരെയും പെന്‍ഷന്‍കാരെയും തീറ്റിപ്പോറ്റാന്‍ വേണം. റോഡ് വലുതാക്കാന്‍ വീടു വിട്ടുകൊടുക്കുന്നവനെ മാറ്റിപ്പാര്‍പ്പിക്കാനും ഉരുള്‍പൊട്ടിയ മലയോരത്തു കഞ്ഞിവെള്ളമെത്തിക്കാനും എന്‍ഡോസള്‍ഫാന്‍ ബാധിച്ചു വിണ്ടുവീങ്ങിയവര്‍ക്കു മരുന്നു നല്‍കാനുമെന്നുവേണ്ട മറ്റെല്ലാറ്റിനും തുക കണ്ടെത്തേണ്ടത് ബാക്കി കേവലം 50 ശതമാനത്തില്‍ തികയാത്ത തുകയില്‍നിന്ന്..! ആഹാ. അതു കലക്കി. അതെന്തായാലും ഇഛിരി കടന്നകൈയ് തന്നെയാണു കേട്ടോ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ന്‍ന്‍മമമാമാരെ, നിങ്ങള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും. 

കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം ആകെ 5.34 ലക്ഷം വരും. പെന്‍ഷന്‍കാര്‍ 5.50 ലക്ഷം പേര്‍. അതായത് ജീവനക്കാരെക്കാള്‍ കൂടുതല്‍ പെന്‍ഷന്‍കാര്‍! വാര്‍ഷിക ഇന്‍ക്രിമെന്റിനും സ്ഥാനക്കയറ്റങ്ങള്‍ക്കും അതുവഴിയുണ്ടാകുന്ന ശമ്പളവര്‍ധനയ്ക്കും പുറമെ അഞ്ചു വര്‍ഷം കൂടുമ്പോള്‍ ഓരോ ശമ്പള പരിഷ്‌കരണം വേറെ. അങ്ങനെ വരുമ്പോള്‍ ഒരു ജീവനക്കാരന്‍ വിരമിച്ചു 10 വര്‍ഷം കഴിയുമ്പോള്‍ വാങ്ങുന്നത് വിരമിക്കുമ്പോള്‍ ലഭിച്ച ശമ്പളത്തെക്കാള്‍ ഉയര്‍ന്ന തുക. 55 വയസില്‍ വിരമിച്ചയാള്‍ 75ാം വയസില്‍ വാങ്ങുന്നത് വിരമിക്കുമ്പോള്‍ വാങ്ങിയ ശമ്പളത്തിന്റെ ഇരട്ടിതുക! ഇങ്ങനെ എന്തൊക്കെ അത്ഭുതങ്ങള്‍ കിടക്കുന്നു സര്‍ക്കാര്‍ സര്‍വിസില്‍. സേവനമാണത്രെ, സേവനം. ചെയ്യുന്ന ജോലിക്കു കൂലി വാങ്ങുന്നതു സേവനമാകുന്നതങ്ങനെ എന്നുകൂടി വിശദീകരിക്കട്ടെ ഉദ്യോഗസ്ഥപുംഗവര്‍. ചിതലരിച്ച സര്‍ക്കാര്‍ നിഘണ്ടുവില്‍ സര്‍വിസ് എന്നതിനു കൂലിത്തൊഴില്‍ എന്നെഴുതിച്ചേര്‍ക്കട്ടെ ഭാഷാപടുക്കള്‍. ചെയ്യുന്നതു സേവനമാണെന്നു പറഞ്ഞു നാട്ടുകാരുടെ അടുത്തുചെല്ലണ്ട കേട്ടോ. നല്ല സിന്തറ്റിക് ചപ്പലിന്റെ ഗ്രിപ്പടയാളം മൊച്ചിയില്‍ വിരിയും, ഒന്നാന്തരം ഓണപ്പൂക്കളം തീര്‍ത്തമാതിരി.


സംഘടിതരാണ് ഉദ്യോഗസ്ഥര്‍. മഹാസംഘടിതര്‍. സര്‍ക്കാര്‍ ഇന്നോ നാളെയോ മാറും. എന്നാല്‍, ഉദ്യോഗസ്ഥര്‍ മാറുന്നില്ല. അതിനാല്‍, സര്‍ക്കാരിനെക്കാള്‍ ശക്തരാണവര്‍. ഒരാനുകൂല്യത്തിന്‍മേലും തൊടാന്‍ വിടില്ല ഈ അഭിനവതമ്പുരാക്കന്‍മാര്‍. അതിനുള്ള ശക്തിയും കരുത്തും നേരത്തെ ആര്‍ജിച്ചുവച്ചിട്ടുണ്ട്. അങ്ങനെയൊക്കെ ആയിക്കോളൂ, നാടിന്റെ സ്ഥിതി മൊത്തത്തില്‍ മെച്ചമെങ്കില്‍. പക്ഷെ, കാര്യങ്ങള്‍ അങ്ങനെയല്ലല്ലോ. പാവപ്പെട്ടവന്‍ ഒരു കിലോ ഉപ്പു വാങ്ങുമ്പോഴത്തെ നികുതിപ്പണംകൂടി ചേര്‍ന്നുള്ള പൊതുഖജനാവില്‍നിന്നുള്ള പണമാണു വാരിക്കോരി ഒരുകൂട്ടര്‍ക്കിവിടെ മുട്ടിക്കൊടുക്കുന്നത്. ദൈവം പൊറുക്കില്ല, പൊതുജനവും. അതുകൊണ്ടു നിങ്ങളുടെ സമരം ആത്മാര്‍ഥമായാലും ഇല്ലെങ്കിലും സാധാരണക്കാരുടെ പിന്തുണ ഉണ്ടെന്നു കരുതേണ്ട. അവര്‍ എന്നോ നിങ്ങളെ ഒഴിവാക്കിക്കഴിഞ്ഞു. ഗതികേടുകൊണ്ട് ചുമക്കുകയാണ്. ഒരവസരം കിട്ടിയാല്‍ കുടഞ്ഞിട്ടു നല്ല തൊഴിതരും. അതിന് അവസരങ്ങള്‍ കുറവാണെന്നതാണ് അവരുടെ ദുര്യോഗം. രാഷ്ട്രീയക്കാരന്‍ അഞ്ചുകൊല്ലം കൂടുമ്പോള്‍ ജനത്തെ അഭിമുഖീകരിക്കണം. മരിക്കുംവരെ അതുവേണ്ടതില്ല എന്നതു നിങ്ങളുടെ സൗകര്യം. ആ സൗകര്യത്തിലാണു നിങ്ങളുടെ വിളയാട്ടം. അതിനും ആയുസു കുറഞ്ഞുകൂടെന്നില്ല കേട്ടോ കാര്യങ്ങള്‍ ഇക്കോലത്തില്‍ പോയാല്‍. അത്ര നല്ലതാണല്ലോ നിങ്ങളുടെ കൈയിലിരിപ്പ്. 

കിട്ടുംവരെ നിരന്തരപരിശ്രം, കിട്ടിക്കഴിഞ്ഞാല്‍ പരിപൂര്‍ണ വിശ്രമം- അതാണു സര്‍ക്കാര്‍ ജോലിയെന്നു പൊതുവെ നാട്ടിലൊരു ചൊല്ലുണ്ട്. അതു പൂര്‍ണമായും ശരിയാണോ എന്നറിയില്ല. തെറ്റാണെന്നു നിങ്ങളെല്ലാവരും ചേര്‍ന്നു തെളിയിച്ചതായും കേട്ടിട്ടില്ല. തെറ്റാണെന്നു തെളിയിക്കാത്തിടത്തോളം അതൊരു ശരിതന്നെയാണ്. ഏതെങ്കിലും തരത്തില്‍ സര്‍ക്കാര്‍ ഓഫിസുകളുമായി ബന്ധപ്പെടുന്ന ആര്‍ക്കും അറിയാവുന്ന പരമമായ സത്യം. വിവരാവകാശപ്രകാരം എഴുതിച്ചോദിക്കേണ്ടതില്ലാത്ത സുതാര്യമായ കാര്യം. തിരുത്താന്‍ തയ്യാറുണ്ടോ എന്നതാണു ചോദ്യം. എങ്കില്‍ പൊതുജനപിന്തുണയുമുണ്ടാവും. ആവശ്യങ്ങള്‍ ന്യായമല്ലെങ്കില്‍പോലും നേരിയൊരു സോഫ്റ്റ്‌കോര്‍ണര്‍ ഉണര്‍ന്നുവരും. അതൊന്നും ഇല്ലാത്തിടത്തോളം ആരു മൈന്‍ഡു ചെയ്യാന്‍ നിങ്ങളുടെ സമരാഭാസങ്ങള്‍...? 

Monday 13 August 2012

സുശീല്‍, ഒളിംപിക് അസോസിയേഷനെ ഒന്നു മാന്താമോ..?

.. കായിക മാമാങ്കം കഴിഞ്ഞു. വളയക്കൊടികള്‍ താണു. ഇന്ത്യയ്ക്ക് എക്കാലത്തെയും മികച്ച നേട്ടം. ആറു മെഡലുകള്‍. രണ്ടെണ്ണം വെള്ളി, നാല് ഓട്. നമ്മുടെ ജനസംഖ്യ 125 കോടി. നൂറു കോടിയിലേറ ഖണ്ഡങ്ങളില്‍നിന്നുയര്‍ന്ന പ്രാര്‍ഥനകളും ആഗ്രഹങ്ങളും സുശീലിനു മുന്നില്‍ എതിരാളിയെ മലര്‍ത്തിവീഴ്ത്തിയില്ല. തൊട്ടടുത്ത ചൈനയില്‍ ജനസംഖ്യനമ്മളെക്കാള്‍ അല്‍പ്പം മാത്രമേറെ. അവര്‍ നേടിയ മെഡലുകള്‍ മൊത്തം 87. ഉസൈന്‍ ബോള്‍ട്ടിന്റെ സ്വന്തം ജമൈക്കയില്‍ ജനസംഖ്യ 28 ലക്ഷം. നേടിയ സ്വര്‍ണങ്ങളുടെ എണ്ണം നാല്. താരതമ്യപ്പെടുത്താന്‍ നിന്നാല്‍ അന്തംവിടാന്‍ മാത്രം കണക്കുകള്‍ ഏറെ. എവിടെയാണു പ്രശ്‌നം..? സുഹൃത്ത് ശിവദാസിനൊപ്പം ഒളിംപ്യന്‍ അശ്വിനി നാച്ചപ്പയുമായി കഴിഞ്ഞ ജൂണ്‍ 23നു നടത്തിയ കൂടിക്കാഴ്ച ഇവിടെ പ്രസക്തമാണെന്നു തോന്നുന്നു. അഭിമുഖത്തിലേക്കു സ്വാഗതം.  


അശ്വമേധത്തിനൊരുങ്ങി അശ്വിനി

പ്രതിഭാദാരിദ്ര്യമുള്ള ഇന്ത്യന്‍ കായിക മേഖലയില്‍ പൊടുന്നനെ ഉദിച്ചുയര്‍ന്ന താരകം. അശ്വനി നാച്ചപ്പ. 80കളില്‍ അന്താരാഷ്ട്ര കായിക മേളകളില്‍ ഇന്ത്യയുടെ മിന്നല്‍പ്പിണര്‍. 84ല്‍ നേപ്പാളില്‍ നടന്ന സാഫ് ഗെയിംസില്‍ അത്‌ലറ്റിക്‌സില്‍ രണ്ടു വെള്ളി മെഡല്‍. 86ല്‍ ബംഗ്ലാദേശിലും സാഫില്‍ രണ്ടു വെള്ളിമെഡല്‍. 88ല്‍ പാകിസ്ഥാനില്‍വച്ചു മൂന്നു സ്വര്‍ണ മെഡല്‍. ഇതേ വര്‍ഷംതന്നെ സിയോളില്‍ ഒളിംപിക്‌സില്‍ പ്രാതിനിധ്യം. 86ലെ സൗത്ത് കൊറിയന്‍ ഏഷ്യന്‍ ഗെയിംസിലും 90ലെ ബെയ്ജിങ് ഏഷ്യന്‍ ഗെയിംസിലും 4*100 മീറ്റര്‍ റിലേയില്‍ വെള്ളി. 87ല്‍ റോമിലെ ലോക ചാംപ്യന്‍ഷിപ്പില്‍ 4*400 റിലേയിലും 91ല്‍ ടോക്യോയില്‍ 4*400 മീറ്റര്‍ റിലേയിലും ഇന്ത്യന്‍ ടീമംഗം. 90ല്‍ അര്‍ജുന അവാര്‍ഡ് നല്‍കി രാജ്യത്തിന്റെ ആദരം.
മത്സരങ്ങളോടു വിട പറഞ്ഞപ്പോള്‍ ചെന്നു കയറിയതു സിനിമയില്‍. നായികയായും സഹനടിയായും വേഷങ്ങള്‍. സ്വന്തം പേരില്‍ത്തന്നെ ആദ്യ സിനിമകള്‍. അശ്വിനി, അശ്വിനി ഇന്‍സ്‌പെക്റ്റര്‍ തുടങ്ങിയ സിനിമകളിലൂടെ തെലുങ്കു ചലച്ചിത്രമേഖലയില്‍ തിളങ്ങി. സിനിമയോടും വിടപറഞ്ഞ് ഒടുവില്‍ കായിക മേഖലയില്‍ത്തന്നെ മുഴുസമയം. ഇന്ത്യന്‍ കായികമേഖലയുടെ കുതിച്ചുചാട്ടം സ്വപ്‌നംകണ്ടു നടക്കുന്നു ഇപ്പോഴും.


ഇപ്പോള്‍ കോഴിക്കോട്ട്...?

ക്ലീന്‍ സ്‌പോര്‍ട്‌സ് ഇന്ത്യയുടെ കേരള ചാപ്റ്റര്‍ ഉദ്ഘാടനത്തിന് എത്തിയതാണ് അശ്വിനി നാച്ചപ്പ. അശ്വിനി തനിച്ചല്ല. മുന്‍താരങ്ങളായ റീത്ത് എബ്രഹാം, വന്ദന റാവു, വന്ദന ഷാന്‍ബാഗ് തുടങ്ങിയ പ്രമുഖരുമുണ്ട് കൂടെ. ഇവര്‍ക്കൊപ്പം മുന്‍ കേന്ദ്ര കായിക സെക്രട്ടറി ബി.വി.പി. റാവുവുമുണ്ട്. കേരള ചാപ്റ്റര്‍ രൂപീകരണം കഴിഞ്ഞ ദിവസം കോഴിക്കോട് അസ്മ ടവറില്‍ നടന്നു.
ഹോക്കി താരം പര്‍ഗത് സിങാണ് അഖിലേന്ത്യാ പ്രസിഡന്റ്. മുന്‍ കേന്ദ്ര കായിക സെക്രട്ടറി ബി.വി.പി. റാവു കണ്‍വീനര്‍. അശ്വനി നാച്ചപ്പ (വൈസ് പ്രസിഡന്റ്), റീത്ത് എബ്രഹാം (ജോ. കണ്‍വീനര്‍), വന്ദന റാവു (ട്രഷറര്‍) തുടങ്ങിയവര്‍ മറ്റു ഭാരവാഹികള്‍.


ക്ലീന്‍ സ്‌പോര്‍ട്‌സ് ഇന്ത്യ

നീണ്ട 40 വര്‍ഷത്തോളമായി ഒരു രാഷ്ട്രീയക്കാരനാണ് ഇന്ത്യന്‍ അമ്പെയ്ത്തു സംഘടനയുടെ പ്രസിഡന്റ് - വിജയ് കുമാര്‍ മല്‍ഹോത്ര. (കമന്റ് : വെറുതെയല്ല ഇന്ത്യന്‍ ടീം ലണ്ടനില്‍ വില്ലുകുലച്ച്, അമ്പു തുലച്ചു മടങ്ങിയത്) ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് മുന്‍ കേന്ദ്രമന്ത്രി പ്രിയരഞ്ന്‍ ദാസ് മുന്‍ഷി 30 വര്‍ഷത്തോളമായി ഇതേ സ്ഥാനത്തുതന്നെ. (ഫുട്‌ബോളില്‍ കുറെക്കാലമായി നല്ല ഡബ്ബര്‍പന്തുപോലത്തെ പൂജ്യമാണല്ലോ നമ്മുടെ സമ്പാദ്യം). അത്‌ലറ്റിക്‌സായാലും ജിംനാസിറ്റിക്‌സായാലും മറ്റൊന്നല്ല സ്ഥിതി. എങ്ങും രാഷ്ട്രീയം മാത്രം. കുറെപ്പേര്‍ കുടുംബസ്വത്തായും കുത്തകയായും കൈകാര്യം ചെയ്യുകയാണു സ്‌പോര്‍ട്‌സ് അസോസിയേഷനുകളെ. പിന്നെങ്ങനെ നമുക്കൊരു നല്ല ടീമിനെ വാര്‍ത്തെടുക്കാനാവും...? അന്താരാഷ്ട്ര കായികമേളകളില്‍ രാജ്യത്തിന്റെ യശസുയര്‍ത്താനാവും...? പെയ്‌സും ഭൂപതിയും തമ്മില്‍ തെറ്റിദ്ധാരണയുടെ പുറത്തുണ്ടായ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍പോലും ടെന്നിസ് അസോസിയേഷനു സാധിച്ചില്ലല്ലോ. ഫലത്തില്‍ നമുക്കൊരു മികച്ച താരജോഡിയുടെ ഒളിംപിക്‌സ് മെഡല്‍ സാധ്യതയാണു തകര്‍ന്നുപോകുന്നത്. (ഇരുവരും രണ്ടു വലിയ മത്തങ്ങയുംകൊണ്ടു കളംവിട്ടതിനു കഴിഞ്ഞയാഴ്ച ലോകംസാക്ഷി). ഇതുപോലും ചെയ്യാന്‍ കഴിയില്ലെങ്കില്‍ പിന്നെന്തിനാ നമുക്ക് അസോസിയേഷനുകള്‍ - ചോദ്യശരങ്ങള്‍ ഉയര്‍ത്തുകയാണ് അശ്വിനി നാച്ചപ്പ.

രാഷ്ട്രീയക്കാര്‍ കായിക സംഘടനകളുടെ നേതൃസ്ഥാനം വഹിക്കുന്നതില്‍ വിരോധമില്ല. എന്നാല്‍, കായിക മേഖലയെ തകര്‍ത്തേ അടങ്ങൂ എന്ന നിലയിലാണു ചിലരുടെ പെരുമാറ്റം. ജനാധിപത്യ മര്യാദകള്‍ പാലിക്കാതെ വര്‍ഷങ്ങളോളം അവര്‍ നേതൃനിരയില്‍ തുടരുന്നു. കായികമേഖലയുടെ മികവിന് അവര്‍ ഒന്നും ചെയ്യുന്നില്ല. പദവിയെ അലങ്കാരമായി മാത്രം ഉപയോഗപ്പെടുത്തുകയും അഴിമതി നടത്തുകയും ചെയ്യുന്നു. ഇത്തരം തെറ്റായ പ്രവണതകള്‍ക്ക് എതിരെയാണ് ക്ലീന്‍ സ്‌പോര്‍ട്‌സ് ഇന്ത്യയുടെ പ്രവര്‍ത്തനം. രാജ്യത്തെ കായിക മേഖലയില്‍ സംഘടനാതലത്തിലും ഭരണത്തിലും കായികതാരങ്ങള്‍ക്കും വിദഗ്ധര്‍ക്കും വ്യക്തമായ പ്രാതിനിധ്യം വേണം. ഇതാണു പ്രധാന ആവശ്യം. ഇതിനു ബഹുജനാഭിപ്രായം സ്വരൂപിക്കുകയും സമ്മര്‍ദങ്ങള്‍ സൃഷ്ടിക്കുകയുമാണു ക്ലീന്‍ സ്‌പോര്‍ട്‌സ് ഇന്ത്യയുടെ ലക്ഷ്യം.

  • വന്ദന റാവു, റീത്ത് അബ്രഹാം, എം.പി. ശിവദാസ്, അശ്വിനി നാച്ചപ്പ, ഞാന്‍, വന്ദന ഷാന്‍ബാഗ്.

കായികംതന്നെ ജീവിതം

കുഡഗില്‍ ജനിച്ച് കോല്‍ക്കത്തയില്‍ വളര്‍ന്ന് ബംഗളൂരുവില്‍ പഠിച്ച് അന്താരാഷ്ട്ര കായിക മേളകളില്‍ രാജ്യത്തിനുവേണ്ടി കുതിച്ചോടിയ ഒളിംപ്യന്‍ അശ്വിനി നാച്ചപ്പ. ട്രാക്കിനോടു വിടപറഞ്ഞിട്ടും ഇടയ്ക്കു സിനിമയില്‍ തിളങ്ങിയിട്ടും കായികമേഖലയെ കൈവിടാത്ത സംഘാടക. കാഠിന്യമേറിയതായിരുന്നു അശ്വിനിയുടെ കുട്ടിക്കാലം. ഇല്ലായ്മയുടെ നിഴലില്‍ പഠനകാലം. പ്രതിബന്ധങ്ങളെല്ലാം മറികടന്നത് ഇച്ഛാശക്തിയില്‍. തുടര്‍ച്ചയായി കടുത്ത പരിശീലനം. രാജ്യത്തിനു വേണ്ടി മെഡലുകള്‍ നേടുക മാത്രമായിരുന്നു ലക്ഷ്യം. ഒടുവില്‍ സ്വപ്ന സാക്ഷാത്കാരം. ധാരാളം മെഡലുകള്‍. കാലം പ്രായത്തില്‍ മാറ്റം വരുത്തിയപ്പോള്‍ ട്രാക്കില്‍ നിന്നു പിന്‍മാറ്റം. പക്ഷെ, കായിക മേഖലയെ കൈവിടാന്‍ ഒരുക്കമല്ലായിരുന്നു അശ്വിനി. അങ്ങനെ സ്വന്തമായി കുഡഗില്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍ തുടങ്ങി. ഏഴു വര്‍ഷം മുന്‍പായിരുന്നു അത്. കറുമ്പയ്യ അക്കാഡമി ഒഫ് ലേണിങ് സ്‌പോര്‍ട്‌സ്. 20 കുട്ടികളായിരുന്നു തുടക്കത്തില്‍. ഇപ്പോള്‍ ഇവിടെ 600 പേര്‍. അക്കാദമിക വിദ്യാഭ്യാസത്തോടൊപ്പം ഇവര്‍ കായികമേഖലയുടെ ബാലപാഠങ്ങളും അഭ്യസിക്കുന്നു. ദേശീയതാരങ്ങള്‍ പലതിനും സ്ഥാപനം ഇതിനകം ജന്‍മം നല്‍കി. ഭര്‍ത്താവ് ദത്ത കറുമ്പയ്യയും മക്കള്‍ അനീഷയും ദിപാലിയും കൂട്ടിനുണ്ട്.

Saturday 4 August 2012

ഇത്ര ചീപ്പാവണോ ചീഫ് വിപ്പ് ...?




ന്തൊക്കെപ്പറഞ്ഞാലും ഇന്നു ലോകത്തെ ഒട്ടൊക്കെ കുറ്റമറ്റ ഭരണസംവിധാനം ജനാധിപത്യം തന്നെയാണ്. ഏകാധിപതികളും സൈന്യാധിപരും ഭരിക്കുന്ന നാടുകളില്‍ ജനാധിപത്യ വ്യവസ്ഥിതികളിലെതിനെക്കാള്‍ ഭരണവേഗം ചിലപ്പൊ കണ്ടെന്നിരിക്കും. നാട്ടിലെ വികസന പദ്ധതികളെക്കാള്‍ പുറത്തുള്ളവയ്ക്കു വേഗം ഏറെയായിരിക്കാം. ഇവിടെ പത്രത്തില്‍ പരസ്യം ചെയ്തു ടെന്‍ഡര്‍ വിളിച്ചു ക്വട്ടേഷന്‍ നല്‍കി ധാരണാപത്രം ഒപ്പിട്ട്, ടെന്‍ഡര്‍ കിട്ടാത്തവന്‍ സ്‌റ്റേ ഓര്‍ഡര്‍ സമ്പാദിച്ച് മൂന്നു വര്‍ഷം കേസും കടലാസുമായി നീങ്ങി, ഇത്രയും കാലംകൊണ്ടു പ്രവര്‍ത്തനച്ചെലവു വര്‍ധിച്ചതിനാല്‍ ടെന്‍ഡര്‍ ലഭിച്ച കമ്പനി എസ്റ്റിമേറ്റ് പുതുക്കാന്‍ അപേക്ഷ നല്‍കി, അത് ഉദ്യോഗസ്ഥര്‍ മുഖാന്തിരം അഞ്ചാറു മറി കടന്ന്, ഒടുക്കം മന്ത്രിസഭാ യോഗത്തില്‍ അനുമതി നല്‍കി താഴേത്തട്ടിലേക്കു വിട്ട്, നമ്മുടെ ബിഎസ്എന്‍എല്‍ ബ്രോഡ് ബാന്‍ഡ് കണക്ഷനെക്കാള്‍ സാവധാനം ഫയല്‍ ഏറ്റവുമൊടുവിലത്തെ ഓഫിസിലെത്തി നിര്‍മാണ ജോലി തുടങ്ങി പൂര്‍ത്തീകരിക്കുമ്പോഴേയ്ക്കും ഒരുപക്ഷെ ടെന്‍ഡര്‍ വിളിച്ച കാലത്തെ തലമുറയുടെ അന്തരവന്‍മാര്‍ കല്ല്യാണം വിളിച്ചു തുടങ്ങുന്ന കാലമായിരിക്കും. ഇത്തരം ചില പ്രായോഗിക പ്രശ്‌നങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍, ജനാധിപത്യത്തിന്റെ സവിശേഷതയെയും അതു പൊതുവില്‍ വ്യക്തികള്‍ക്കു നല്‍കുന്ന സമത്വബോധത്തെയും സ്വാതന്ത്ര്യബോധത്തെയും സുരക്ഷിതത്വത്തെയും പറ്റി ആശങ്കകള്‍ താരതമ്യേന ഏറെക്കുറവാണു ജനങ്ങള്‍ക്ക്.

ജനാധിപത്യത്തിന്റെ ശ്രീകോവിലുകളായാണല്ലോ നിയമനിര്‍മാണ സഭകള്‍ വാഴ്ത്തപ്പെടുന്നത്. അവിടെ നാം തെരഞ്ഞെടുത്തുവിടുന്ന രാഷ്ട്രീയ കേസരികള്‍ എന്തു പോക്കിരിത്തരം കാണിക്കുന്നുവെന്നതു വേറെ കാര്യം. കക്ഷി രാഷ്ട്രീയക്കാര്‍ സഭയില്‍ കരഞ്ഞാലും ഉടുമുണ്ടു പൊക്കിക്കാട്ടിയാലും തെറിവിളി നടത്തിയാലും കൊലവിളിച്ചാക്രോശിച്ചാലും പൊതുവില്‍ സ്പീക്കര്‍മാര്‍ നിഷ്പക്ഷത പുലര്‍ത്തുന്ന ശീലമുണ്ട് നിയമനിര്‍മാണ സഭകളില്‍. ഇന്ന പാര്‍ട്ടി എന്ന വ്യത്യാസം അക്കാര്യത്തില്‍ ഉണ്ടാവില്ല. ഇയാളായിരുന്നോ ഇന്ന പാര്‍ട്ടിയുടെ പഴയ ആ നേതാവെന്നു പോലും സ്പീക്കര്‍മാരെന്ന മര്യാദക്കാരെ കണ്ടാല്‍ തോന്നിപ്പോകുന്നതു സ്വാഭാവികം. കാര്‍ത്തികേയനും രാധാകൃഷ്ണനും തേറമ്പിലും വിജയകുമാറുമൊക്കെ ഇക്കാര്യത്തില്‍ തുല്യം തന്നെ.

സ്പീക്കര്‍ പദവി പോലെ സഭയുടെ അനിവാര്യമായ ഒന്നല്ല ചീഫ് വിപ്പ് പദവി. ശ്രീകോവിലുകളുടെ നടത്തിപ്പിനു സ്പീക്കര്‍ അനിവാര്യനാണ്. നടയടക്കാനും തുറക്കാനും അങ്ങേര്‍തന്നെ വേണം. നിയമം പാസാക്കാനും പണം ചെലവഴിക്കാന്‍ അനുമതി നല്‍കാനും ജനാധിപത്യശിങ്കങ്ങളെ നിയന്ത്രിക്കാനും എന്നുവേണ്ട നിയമനിര്‍മാണ സഭകളുടെ ദൈനംദിന കര്‍മങ്ങളുടെ കഞ്ഞിയിലുപ്പാണ് സ്പീക്കര്‍. എന്നാല്‍, അതല്ല ചീഫ് വിപ്പ്. അങ്ങേരില്ലെങ്കിലും ഒരു കുഴപ്പവുമില്ല. കാര്യങ്ങള്‍ നടക്കേണ്ടവയൊക്കെ ആളില്ലെങ്കിലും വഴിക്കു നടന്നോളും. എല്ലായ്‌പ്പോഴുമൊന്നും കേരളത്തില്‍ ചീഫ് വിപ്പ് ഉണ്ടായിട്ടില്ല. വല്ലപ്പോഴുമൊക്കെയേ ഉള്ളൂ. എന്നതുകൊണ്ട് ഇതൊരു അധികപ്പറ്റാണെന്ന് നമ്മള്‍ പറയുന്നില്ല. ഭരണപരമായ ഒരു കാര്യമല്ലേ, അത് അതിന്റെ വഴിക്കു നടന്നോട്ടെ എന്നേ എല്ലാവരും ചിന്തിച്ചിട്ടുള്ളൂ. ജനങ്ങള്‍ അധികപ്പറ്റാണെന്നു കരുതാത്ത ഒരു പദവി  അതിലിരിക്കുന്നയാള്‍ അധികപ്പറ്റാണെന്നു തെളിയിച്ചുകൊണ്ടിരിക്കുന്ന ദയനീയ കാഴ്ചയുടെ തത്സമയ വാര്‍ത്തകളാണു കേരളത്തില്‍ നാമിപ്പോള്‍ ആസ്വദിച്ചുകൊണ്ടിരിക്കുന്നത്. വളച്ചുകെട്ടില്ലാതെ ആദ്യമൊരു ഡയലോഗ് തട്ടാം: നാക്കിന് എല്ലില്ലെന്നു കരുതി, ക്യാമറകളില്‍ ചുവപ്പു ലൈറ്റ് തെളിയുമ്പോല്‍ വിഷവാ തുറന്നു ദുര്‍ഗന്ധംചീറ്റുന്ന പി.സി. ജോര്‍ജ് ഒരു കാര്യം മനസിലാക്കണം. മലയാളിയുടെ മാന്യതയുടെ മേല്‍ താങ്കള്‍ വയ്ക്കുന്ന ആ പുഷ്പചക്രമുണ്ടല്ലോ, അതിനി വേണ്ട. മിനി സ്‌ക്രീനുകളില്‍ അതാവര്‍ത്തിച്ചു കാണുമ്പോഴുള്ള രതിമൂര്‍ഛയാണു താങ്കളുടെ ആനന്ദമെങ്കില്‍ അതുപോലരഞ്ചോ ആറോ എണ്ണം ദിനേന ക്യാമറവച്ചു റെക്കോര്‍ഡ് ചെയ്‌തെടുക്കണം സര്‍. എന്നിട്ടതു വേണ്ടുവോളമെടുത്ത് രായ്ക്കുരാമാനം ഭോഗം ചെയ്യ്. സ്വന്തം മോന്ത ആവര്‍ത്തിച്ചു കാണാനുള്ള താങ്കളുടെ ആത്മരതി അങ്ങനെ പാരമ്യത പൂകട്ടെ. അല്ലാതെ പൊതുസമൂഹത്തിന്റെ സാംസ്‌കാരിക ബോധത്തിനു മേല്‍ കാര്‍ക്കിച്ചുതുപ്പി വേണ്ട താങ്കളുടെ തേര്‍ഡ് റെയ്റ്റ് പബ്ലിസിറ്റി ഏര്‍പ്പാടുകള്‍. 

ടി.എന്‍. പ്രതാപന്‍ എന്നല്ല ആരും പൂര്‍ണമായും ശരിയാണെന്ന് ആര്‍ക്കും അഭിപ്രായമില്ല. പക്ഷെ, താങ്കളെക്കാള്‍ എത്രയോ ശരിയാണ് ആ മനുഷ്യന്‍. അഭിപ്രായ വ്യത്യാസങ്ങള്‍ തുറന്നു പറയുന്നവരെ ജാതിവിളിച്ച് ആക്ഷേപിച്ചു നിശബ്ദരാക്കുന്ന ഏര്‍പ്പാടു താങ്കള്‍ക്കു മുന്‍പേയുണ്ട്. അതങ്ങുപേക്ഷിച്ചാല്‍ നന്ന്. ഏതായാലും നെല്ലിയാമ്പതിയിലെ പാട്ടക്കാര്‍ക്കുവേണ്ടിയാണല്ലോ താങ്കളുടെ വെപ്രാളം. കരാര്‍ ലംഘിച്ചവരുടെ പാട്ടം നീട്ടേണ്ടന്നതു
സര്‍ക്കാര്‍ തീരുമാനമാണ്. താങ്കള്‍ ഏതൊന്നിന്റെ ചീഫ് വിപ്പായിരിക്കുന്നുവോ അതേ സര്‍ക്കാരിന്റെ തീരുമാനം. ആ തീരുമാനത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അതിനു പറ്റിയ വേദികളില്‍ പറയുക. കോട്ടയത്തെ പൂഞ്ഞാറ്റില്‍നിന്നു കേറിവന്നു നെല്ലിയാമ്പതിയില്‍ കളിക്കുകയും തൊട്ടടുത്ത നാട്ടികക്കാരന്‍ ഇതില്‍ ഇടപെടേണ്ടെന്നു പറയുകയും ചെയ്യുമ്പോള്‍ താങ്കളുടെ ഉദ്ദേശ്യശുദ്ധി നല്ലപോലെ ജനങ്ങള്‍ക്കു ബോധ്യമാവുന്നുണ്ട്.

പ്രതാപന്‍ ധീവര സമുദായക്കാരന്‍ ആയെങ്കില്‍ താങ്കള്‍ക്കെന്തു ചേതം? ഏതെങ്കിലും ജാതിക്കു മേന്‍മയോ താഴ്മയോ ഉള്ളതായി ഇന്ത്യന്‍ ഭരണഘടനയില്‍ എഴുതിവച്ചിട്ടുണ്ടോ..? അങ്ങനെയില്ലാത്ത ഒരുകാര്യം താങ്കളെപ്പോലെ ജമ്മിത്തം കുടികൊള്ളുന്ന മനസുകള്‍ക്കു തോന്നുന്നുവെങ്കില്‍, അത്തരമൊരു സമുദായത്തില്‍ ജനിക്കുന്നത് ആരെങ്കിലും സ്വയം തീരുമാനിച്ചിട്ടാണോ...? ജനം ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നതു സമുദായത്തിന്റെ പ്രതിനിധിയായിട്ടാണോ..? അങ്ങനെ തെരഞ്ഞെടുത്താല്‍ മറ്റൊരു പ്രശ്‌നങ്ങളിലും അവര്‍ ഇടപെടാന്‍ പാടില്ലേ..? ഇല്ലെന്നാണെങ്കില്‍ താങ്കള്‍ ഇക്കാലംവരെ ഉന്നയിച്ച വിഷയങ്ങളൊക്കെ സാമുദായിക പരിഗണന വച്ചായിരുന്നോ..? സെല്‍വരാജിനു രാജിവയ്ക്കാന്‍  പ്രേരണ നല്‍കിയത് ഒരു സാമുദായിക വിഷയം എന്ന നിലയ്ക്കാണോ..? ചന്ദ്രശേഖരന്‍ വധത്തിലെ പ്രതികളെ പിടിക്കാന്‍ പട്ടാളത്തെ ഇറക്കണമെന്ന താങ്കളുടെ പ്രസ്താവനയിലെ സമുദായ താല്‍പ്പര്യം എന്തായിരുന്നു..? ഇങ്ങനെ ആവശ്യത്തിനും 99.9 ശതമാനം അനാവശ്യത്തിനും താങ്കള്‍ ഇടപെട്ട വിഷയങ്ങള്‍ ഒരുപാടുണ്ടല്ലോ അച്ചായാ. അതോരൊന്നുമെടുത്തു കീറിമുറിച്ചു ഞാന്‍ ചോദിക്കേണ്ടതില്ലല്ലോ, ബാക്കി കാര്യങ്ങള്‍ സ്വയമങ്ങു ചോദിക്കുമല്ലോ.


(ദു)രുപദേശം

മനുഷ്യന് അവന്റെ വിലനിലവാരത്തെപ്പറ്റി സ്വയമൊരു ബോധ്യമുണ്ടായിരിക്കണം. നാട്ടുകാര്‍ അക്കാര്യം
ഓര്‍മിപ്പിക്കേണ്ടി വരുന്നത് വല്ലാത്തൊരു പതനമാണ്. പീസി അക്കാര്യം ഇനിയെങ്കിലും ഉള്‍ക്കൊള്ളുമെന്നു പ്രതീക്ഷിക്കുന്നു. അസാധ്യമായ പ്രതികരണ ശേഷിയുള്ളവയാണു താങ്കളുടെ വായിലിരിക്കുന്ന ആ എല്ലില്ലാത്ത സാധനം. അതു വേണ്ടവിധമല്ല താങ്കള്‍ ഉപയോഗിക്കുന്നതെങ്കില്‍ താങ്കളോടു സഹതാപം തോന്നുന്നു. എല്ലില്ലാത്ത നാവുകൊണ്ടു നല്ലതു പറഞ്ഞു നട്ടെല്ലുയര്‍ത്തിപ്പിടിച്ചു നില്‍ക്കാന്‍ ഇനിയെങ്കിലും താങ്കള്‍ക്കു സാധിക്കട്ടെ. നട്ടെല്ലില്‍ വെറും വാഴപ്പിണ്ടിയും വായില്‍ ചണ്ടിയുമായി ഒരു ചീഫ് വിപ്പിനെ ചുമക്കേണ്ട ഗതികേടു മലയാളികള്‍ക്കില്ല. വിപ്പ് എന്നാല്‍ ചാട്ടവാര്‍, ചമ്മട്ടി എന്നൊക്കെയാണര്‍ഥം. കൈയും കാലും പിടിച്ചുകെട്ടി പൊതുജനമധ്യത്തില്‍ ചമ്മട്ടിക്ക് അടിക്കുന്ന കാഴ്ച പണ്ടുണ്ടായിരുന്നു എന്നു കേട്ടിട്ടുണ്ട്. ദയവുചെയ്ത് അത്തരം കാഴ്ചകള്‍ക്കു പുനര്‍ജന്‍മം നല്‍കരുത്. പള്ളയുണ്ടെന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല, തല്ലുകൊള്ളാന്‍ ഒരു സുഖവും കാണില്ല.

Tuesday 31 July 2012

നിഷ്‌കര്‍മ ജന്‍മനാ ശ്രീ:

-- പട്ടാളം ഭരിക്കട്ടെ സര്‍വകലാശാലകള്‍ --


 തമിഴ്‌നാട്ടിലെ ചില സര്‍വകലാശാലകളിലെ പേപ്പര്‍ വാല്വേഷനെപ്പറ്റി ചുമ്മാ പറയുന്നൊരു കഥയുണ്ട്. വാല്വേഷന്‍ നടത്തേണ്ട ഉദ്യോഗസ്ഥന്‍ പേപ്പറുകളെല്ലാം ഒന്നിച്ചെടുത്ത് ഓടിട്ട മേല്‍ക്കൂരയിലേക്ക് വലിച്ചെറിയും. ആദ്യം നിലത്തുവീണ പേപ്പറിന് ഒന്നാം റാങ്ക്. രണ്ടാം റാങ്കും മൂന്നാം റാങ്കും പിന്നാലെ. ഫസ്റ്റ് ക്ലാസും സെക്കന്‍ഡ് ക്ലാസും തീരുമാനിക്കുന്നത് ഇങ്ങനെത്തന്നെ. പേപ്പര്‍ ഓടില്‍ത്തന്നെ കുടുങ്ങിയവര്‍ തോറ്റു. അവര്‍ക്ക് അടുത്ത വര്‍ഷം വീണ്ടും പരീക്ഷയെഴുതാം...!. ഇതാണു തമാശയുടെ മേമ്പൊടി ചേര്‍ത്തു പറയുന്ന കഥ. ഇത്രത്തോളമില്ലെങ്കിലും കാര്യങ്ങള്‍ ഏതാണ്ട് ഇതുപോലെയക്കെവരും പുറത്തുള്ള പല സര്‍വകലാശാലയുടെയും സ്ഥിതി.

ഒരനുഭവം പറയാം: മധുരൈ കാമരാജ് സര്‍വകലാശാലയില്‍ ഒരു പിജി കോഴ്‌സ് ചെയ്തു. കാമരാജും അണ്ണാമലയും മഡ്രാസ് യൂനിവേഴ്‌സിറ്റിയുമൊക്കെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്കും മലയാളികള്‍ക്കും പുഛമായിരിക്കാം. എന്നാല്‍, എല്ലാം നല്ല സ്റ്റാന്‍ഡേര്‍ഡ് യൂനിവേഴ്‌സിറ്റികളാണ് അവിടത്തുകാരുടെയും സര്‍ക്കാരിന്റെയും കണക്കില്‍. മാര്‍ക്കു നല്‍കാതെയും അനാവശ്യ വ്യവസ്ഥകള്‍വച്ചും കഷ്ടപ്പെടുത്തുന്നതിനാല്‍ ഒട്ടനവധി മലയാളികളുടെ ആശാകേന്ദ്രവുമാണ് ഇത്തരം സര്‍വകലാശാലകള്‍. എല്ലാം  ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ പദവികള്‍ ഉള്ളവ. നാക് അംഗീകാരവും യുജിസിയുടെ കോടികളുടെ ഫണ്ടിന്റെ ആനുകൂല്യങ്ങളും യഥേഷ്ടം. 

അത്തരത്തിലൊന്നില്‍ ഒരു പിജി കോഴ്‌സ് ചെയ്ത് പ്രാക്റ്റിക്കലും കഴിഞ്ഞ് കോഴ്‌സ് കംപ്ലീറ്റ് സര്‍ട്ടിഫിക്കറ്റും വാങ്ങി പരീക്ഷയെഴുതി ഒരു വര്‍ഷമായിട്ടും റിസല്‍ട്ടോ സര്‍ട്ടിഫിക്കറ്റോ ലഭിച്ചില്ല. ആഴ്ചയില്‍ അഞ്ചോ പത്തോ തവണ യൂനിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റില്‍ ഹിറ്റുകള്‍ സമ്മാനിക്കുന്നതു മാത്രം മിച്ചം. കൂടെ പരീക്ഷയെഴുതിയ പലരുടെയും ഫലം മൂന്നു മാസംകൊണ്ടു വന്നിരുന്നു. ചിലരുടെ ചില പേപ്പര്‍ മാത്രം ഫലം വരാതായി. അത്തരക്കാര്‍ വിളിക്കുമ്പോഴൊക്കെ സര്‍വകലാശാല ഡിഡി അയച്ചുകൊണ്ടിരിക്കാന്‍ പറഞ്ഞു. അങ്ങനെ കുറെ ഡിഡി കുറെപ്പേര്‍ക്കു പോയിക്കിട്ടി. സ്ഥിതിയില്‍ വലിയ മാറ്റമൊന്നും ഉണ്ടായില്ല.

ഞാന്‍ നേരിട്ട് കോഴിക്കോട്ടെ സ്റ്റഡി സെന്ററില്‍ചെന്ന് മുന്‍പടച്ച ഡിഡിയുടെ ഡീറ്റെയ്ല്‍സ് വാങ്ങി. ഹാള്‍ടിക്കറ്റും കോഴ്‌സ് കംപ്ലീഷനും മറ്റുമായി നേരിട്ടു മധുരയ്ക്കു വച്ചുപിടിച്ചു. തിരിഞ്ഞു മറിഞ്ഞ് ചുറ്റിത്തിരിഞ്ഞ് പല ഡിപ്പാര്‍ട്ട്‌മെന്റുകളിലും മുട്ടി. ഫീസ് അടച്ചില്ലെന്ന സ്ഥിരം നമ്പര്‍ ചില സെക്ഷന്‍കാര്‍ പയറ്റിനോക്കിയെങ്കിലും കൈയിലെ ഡിഡി ഡീറ്റെയ്ല്‍സും ഹാള്‍ടിക്കറ്റും കാണിച്ച് അവരെ നിശബ്ദരാക്കി. ഒടുവില്‍ പരീക്ഷാ ഫലം നല്‍കുന്ന ഭാഗത്തെത്തി. രജിസ്റ്റര്‍ മറിച്ചുനോക്കിയപ്പോള്‍ ശരിയാണ്, എന്റെ മാത്രം മാര്‍ക്കില്ല. ഒടുവില്‍ എന്നോടയാള്‍ അല്‍പ്പനേരം പുറത്തിരിക്കാന്‍ പറഞ്ഞു. പുറത്തുനിന്ന ഞാന്‍ കൗതുകം കാരണം അകത്തേക്കൊന്ന് എത്തിനോക്കി. ക്ലര്‍ക്ക് നേരെ പോയതു മറ്റൊരു ക്ലര്‍ക്കിന്റെ അടുത്തേയ്ക്ക്. ഒരു ലഘുസംഭാഷണം നടത്തി ആള് ഞൊടിയിടകൊണ്ടു തിരിച്ചെത്തി. അയാളെത്തന്നെ നോക്കിയിരുന്ന എന്നെ വേഗം അടുത്തേക്കു വിളിച്ചു. എന്നിട്ടു റിസല്‍ട്ട് പ്രഖ്യാപിച്ചു, ഫലം വരാത്ത നാലു പേപ്പറിലും എനിക്ക് 50 മാര്‍ക്ക് വീതം.

ഞാന്‍ തര്‍ക്കിച്ചു, ഈ മാര്‍ക്ക് പോരെന്നു പറഞ്ഞു. ഞാന്‍ അത്രയൊക്കെയേ എഴുതിയുള്ളൂവെന്നായി ക്ലര്‍ക്ക്. അതു നിങ്ങള്‍ക്കെങ്ങനെ അറിയാമെന്നു ഞാന്‍. അതുകൊണ്ടാണ് റിസല്‍ട്ട് ഇങ്ങനെയെന്ന് ക്ലര്‍ക്ക്. റിസല്‍ട്ട് നിങ്ങള്‍ ഇപ്പോള്‍ മറ്റേയാളോട് ആലോചിച്ച് എഴുതിച്ചേര്‍ത്തത് കണ്ടെന്നു ഞാന്‍. ഇതു മൂന്നു ഘട്ടത്തിലുള്ള വാല്വേഷനു ശേഷം വന്ന റിസല്‍ട്ടാണെന്നു ക്ലര്‍ക്ക്. അമ്മാതിരി വേലയൊന്നും എന്റടുത്ത് ഇറക്കണ്ട, എല്ലാം നേരില്‍ക്കണ്ടുവെന്നു ഞാന്‍. അങ്ങനെയൊന്നും ഇവിടെ പതിവില്ല, താന്‍ നിസഹായനെന്നു ക്ലര്‍ക്ക്. തര്‍ക്കിച്ചും താണും കേണും വണങ്ങിയും പത്തിരുപതു മിനിറ്റു പോയതല്ലാതെ മാര്‍ക്ക് കൂട്ടിക്കിട്ടിയില്ല. ഒടുവില്‍ ഞാന്‍ പിന്‍വാങ്ങി. പിന്നീടാണറിഞ്ഞത്, ഇവിടത്തെ സ്ഥിരമായ പണമിടപാടും ക്രമക്കേടും കാരണം മുകളില്‍ ക്യാമറ വച്ചിട്ടുണ്ട്. അതാണ് ആള്‍ക്കിത്ര മര്യാദ..! ഇല്ലെങ്കില്‍ പണ്ടെപ്പഴേ പണംവാങ്ങി ഉയര്‍ന്ന മാര്‍ക്കിന് കോംപ്രമൈസ് ആക്കിയേനേ...!! ഏതായാലും പാസ് മാര്‍ക്ക് 50 ആണല്ലോ. പേപ്പര്‍ മിസായതിന് അവര്‍ അങ്ങനെ എന്നെ പാസാക്കിവിട്ട് കോംപന്‍സേറ്റ് ചെയ്തു. അവരും ഹാപ്പി, ഞാനും ഹാപ്പി.

ഇതു പുറത്തെ സര്‍വകലാശാലയുടെ സ്ഥിതിയെങ്കില്‍ കേരളത്തിലേ കേളീകേട്ട സര്‍വകലാവല്ലഭരുടെ സ്ഥിതിയെന്ത്..? ഞങ്ങള്‍ മാത്രം ഓകെ, മറ്റെല്ലാം മോശമെന്നു ധരിച്ചുവശായ അക്കാദമിക ബുജികളെ തീറ്റിപ്പോറ്റുന്ന മലയാളത്തിലെ സ്വന്തം സര്‍വകലാശാലകളുടെ കാര്യങ്ങള്‍ പരമദയനീയം. പുറമെ, മേല്‍ക്കൂരയില്‍ പേപ്പറിടുന്നതു തമാശക്കഥയെങ്കില്‍ ഇവിടെ ചപ്പുചവറുകള്‍ക്കിടയില്‍ ഉത്തരപ്പേപ്പറുകള്‍ പശു തിന്നുന്നത് യാഥാര്‍ഥ്യം മാത്രം. അവിടെ കണ്ണുംപൂട്ടി എഴുതിയാല്‍ പരീക്ഷ പാസാവുമെന്നതു പരിഹാസമെങ്കില്‍ ഇവിടെ മെനക്കെട്ടിരുന്നു പഠിച്ചെഴുതി ഫലം കാത്തിരുന്നാലും ഒരു കൂഞ്ഞുംകാണില്ല. സമയത്തു ഫലമോ ഇല്ല, ഗുണമോ ശൂന്യം. എല്ലാം ഉദ്യോഗസ്ഥ ദൈവങ്ങള്‍ കനിഞ്ഞെങ്കില്‍ മാത്രം.


ഷെയിം ഓണ്‍ യൂ..... 'കാലി'ക്കറ്റ് സ്റ്റുഡന്റ്‌സ്

മാര്‍ക്ക് ലിസ്റ്റും ഗ്രേഡ് കാര്‍ഡും സമയത്തിനു കിട്ടാതെ, കിട്ടിയതില്‍ത്തന്നെ അബദ്ധങ്ങള്‍ കുത്തിനിറച്ചതു കാരണം അഡ്മിഷന്‍ കേന്ദ്രത്തില്‍വച്ചു ചമ്മിച്ചൂളി ഇറങ്ങിപ്പോന്ന കുറെ കുട്ടികളുടെ കഥയാണ് കാലിക്കറ്റിന്റെ ഒടുവിലത്തെ ലീലാവിലാസങ്ങളില്‍ ഒന്ന്. കുട്ടികളെല്ലാം മിടുക്കര്‍തന്നെ. അഖിലേന്ത്യാ തലത്തില്‍ കേന്ദ്രീയ സര്‍വകലാശാലകളിലേക്കു നടന്ന മത്സരപ്പരീക്ഷകളില്‍ പങ്കെടുത്ത് റാങ്ക് പട്ടികയില്‍ ഇടംനേടിയവര്‍. പാവം, ഇന്റര്‍വ്യൂ കാര്‍ഡ് കൈപ്പറ്റിയപ്പോഴും പക്ഷെ കുഞ്ഞുങ്ങളുടെ റിസല്‍ട്ടു വന്നിരുന്നില്ല. എങ്കില്‍ കോണ്‍ഫിഡെന്‍ഷ്യല്‍ ഗ്രെയ്ഡ് കാര്‍ഡ് വാങ്ങിവരൂ എന്നായി യൂനിവേഴ്‌സിറ്റികള്‍. അതു നല്‍കാന്‍ നിയമമില്ലെന്നു കാലിക്കറ്റ്. ഒടുവില്‍ ബഹളംവച്ചപ്പോള്‍ ചിലര്‍ക്കു നല്‍കി. നല്‍കിയ കാര്‍ഡുകളിലെ ഗ്രെയ്ഡുകള്‍ ബഹുരസം. 'എ' ഗ്രെയ്ഡും 'ബി' ഗ്രെയ്ഡും നല്ല ചൊങ്കന്‍ അക്ഷരത്തില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. പക്ഷെ, ഗ്രെയ്ഡിന് മാര്‍ക്കെത്ര കൂട്ടണമെന്ന് എവിടെയുമില്ല. ശതമാനം കാണാന്‍ ഒരു വകുപ്പുമില്ല. അല്‍പ്പദിവസത്തിനകം കുഞ്ഞുങ്ങളുടെ റിസല്‍ട്ട് പുറത്തുവിട്ട് കാലിക്കറ്റ് മഹാസംഭവം സൃഷ്ടിച്ചു. ഒറിജിനല്‍ ഗ്രേഡ് കാര്‍ഡും കൊടുത്തു. പുതിയ കാര്‍ഡാവട്ടെ അബദ്ധങ്ങളുടെ നവഘോഷയാത്ര. പഴയതിലും പുതിയതിലും മാര്‍ക്കുകള്‍ വ്യത്യസ്തം. ഗ്രെയ്ഡിന്റെ മാര്‍ക്കറിയാന്‍ വകുപ്പില്ല.


ആശയക്കുഴപ്പവും അന്തംവിട്ടുനില്‍പ്പും തുടര്‍ക്കഥയായപ്പോള്‍ അലീഗഡ് സര്‍വകലാശാല വിധി പറഞ്ഞു- കാലിക്കറ്റിന്റെ കാര്‍ഡുമായി വന്ന 14 പേര്‍ക്കും പോകാം. അപമാനവും അവസര നഷ്ടവുമായി അടുത്ത വണ്ടിക്കുതന്നെ പിള്ളാര്‍ നാട്ടിലേക്ക്. അതിലും മുന്നേ കുറെപ്പേര്‍ പലയിടങ്ങളില്‍നിന്നായി മടങ്ങിവന്നു നാട്ടില്‍ ഇരിപ്പുറപ്പിച്ചതുകൊണ്ടു പക്ഷെ അധികം നാണംകെടേണ്ടിവന്നില്ല.
എല്ലാം കണ്ടുനില്‍ക്കുന്ന പൊതുജനം ചോദിക്കുന്നു- കോടികള്‍ പൊട്ടിച്ച് കുറെയെണ്ണത്തിനെ നമ്മുടെ ചെലവില്‍ തീറ്റിപ്പോറ്റേണ്ടതിന്റെ കാര്യമെന്ത്...? ശമ്പളം വാങ്ങാനും സംഘടന വളര്‍ത്താനും ആനുകൂല്യങ്ങള്‍ ചോദിക്കാനും മാത്രമൊരു കൂട്ടര്‍ നാട്ടില്‍ ആവശ്യമുണ്ടോ..? സകലത്തിനെയും തൂത്തെറിഞ്ഞ് നിലംകഴുകി വൃത്തിയാക്കി മറ്റാര്‍ക്കെങ്കിലുമായി ഒരു പാല്‍കാച്ചല്‍ ചടങ്ങുനടത്തിയാലെന്താ...? പറ്റുമെങ്കില്‍ പട്ടാളംതന്നെ ഭരിക്കട്ടെ സര്‍വകലാശാലകള്‍. ഒരുത്തന്റെയും ഒരടവും വേവരുത്. എല്ലാം നേരാംവണ്ണമൊന്നു ചലിക്കട്ടെ. എന്നിട്ടു വേണമെങ്കില്‍ കുടിയിരുത്താം വീണ്ടുമീ പരാദങ്ങളെ. എന്താ, ഒന്നു പരീക്ഷിക്കുന്നോ മിസ്റ്റര്‍ അബ്ദുറബ്ബ്.

Tuesday 24 July 2012

പണ്ടൊരു കാട്ടിലൊരാണ്‍ സിംഹം.....

കവാടത്തില്‍ത്തന്നെ ഒരു പരദേശിയെ പരിചയപ്പെട്ടു വേണം ജന്തുശാസ്ത്ര മ്യൂസിയത്തിന്റെ അകത്തുകടക്കാന്‍. ആഫ്രിക്കന്‍ മുഷുവാണു കക്ഷി. ആളെ ലൈവായിത്തന്നെ കാണാം. നമ്മുടെ നാട്ടിലെ പാവങ്ങളെ പിടിച്ചുതിന്നുന്ന ഈ 'ഭീകരന്‍' പക്ഷെ ഒറ്റയ്ക്കല്ല.  അണ്ടിക്കള്ളിയെന്ന നമ്മുടെ നാടന്‍ ഇനമാണു കൂട്ട്. എല്ലാവരെയും വിഴുങ്ങുന്ന മുഷുവിന് അണ്ടിക്കള്ളിയോടു സ്‌നേഹം. ഉപദ്രവിക്കില്ല. കോഴിക്കോട് ജാഫര്‍ഖാന്‍ കോളനി റോഡിലെ പശ്ചിമഘട്ട മേഖലാ റീജ്യനല്‍ സെന്ററിലെ ജന്തുശാസ്ത്ര മ്യൂസിയത്തിലെ ആദ്യ ഇനമാണ് ഈ ആഫ്രിക്കന്‍ മുഷുവും അതിന്റെ അണ്ടിക്കള്ളി സൗഹൃദവും. സുവോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യയുടെ കീഴിലാണു സ്ഥാപനം.
നാടന്‍ മത്സ്യസമ്പത്തു നശിപ്പിച്ചു വിലസുന്ന ആഫ്രിക്കന്‍ മുഷുവിനെ അക്വാറിയത്തില്‍ ഇട്ടശേഷം വ്യത്യസ്ത മത്സ്യങ്ങളെ കൂടെയിട്ടു പരീക്ഷിക്കുകയായിരുന്നു ഇവിടെയുള്ളവര്‍. അണ്ടിക്കള്ളിയൊഴികെ മറ്റെല്ലാത്തിനെയും മുഷു വിഴുങ്ങി. അങ്ങനെ പുതിയൊരു പാഠം അവര്‍ പ്രായോഗികമായി പഠിച്ചു- ആഫ്രിക്കന്‍ മുഷു 'നടക്കും മത്സ്യം'  എന്നറിയപ്പെടുന്ന അണ്ടിക്കള്ളിയെ (അനാബസ്) വിഴുങ്ങില്ല. പഠിച്ച കാര്യം നാട്ടുകാര്‍ക്കായി പറഞ്ഞുകൊടുക്കുന്നു മ്യൂസിയം അധികൃതര്‍. ഒപ്പം ഒരു ലഘുവിവരണവും- അതിവേഗം വളരുന്ന കൂട്ടത്തില്‍ പെട്ടവയാണ് ആഫ്രിക്കന്‍ മുഷുകള്‍. അഞ്ച് സെന്റി മീറ്ററില്‍്യൂിന്ന് ഒരാളോളം വലുപ്പത്തിലേക്കുവരെ വളരും. മാസങ്ങള്‍ക്കു മുന്‍പു ബംഗ്ലാദേശില്‍ ഒരു കുട്ടിയെ ആഫ്രിക്കന്‍ മുഷു ഭക്ഷിച്ചതു വാര്‍ത്തയായിരുന്നു. വെയ്സ്റ്റുകളാണ് ഇവയുടെ പ്രധാന ഭക്ഷണം. കൗതുകത്തിനു വേണ്ടിയായിരുന്നു ആഫ്രിക്കയില്‍നിന്ന് ഇവയെ നമ്മുടെ നാട്ടില്‍ കുളങ്ങളില്‍ ഇട്ടു വളര്‍ത്തിയത്. കുളങ്ങളിലെ മറ്റു മീനുകള്‍ക്ക് ഇവയുണ്ടെങ്കില്‍ ജീവിതമില്ല. മഴക്കാലത്തു കുളങ്ങള്‍ നിറഞ്ഞപ്പോള്‍ ഇവ തോടുകളിലേക്കു പരന്നു. പിന്നീടു പുഴകളിലേക്കും. നാടന്‍ മത്സ്യസമ്പത്തിനെ നശിപ്പിക്കുന്നതിനാല്‍ ഇവയ്ക്കു നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നു നമ്മുടെ സര്‍ക്കാര്‍. എങ്കിലും വെയ്സ്റ്റ് തിന്നു തീര്‍ക്കാന്‍വേണ്ടി വളര്‍ത്തുന്നവരുണ്ട്. അക്വേറിയത്തില്‍ കൗതുകത്തിനു വളര്‍ത്തുന്നവരും. തോടുകളിലും കുളങ്ങളിലും ഇവയുടെ സാന്നിധ്യം ഇപ്പോഴും ഭീഷണിയായി തുടരുന്നു.....


ഭൂമിശാസ്ത്രം

ഗുജറാത്തിലെ തപ്തി മുതല്‍ തമിഴ്്യൂാട്ടിലെ കന്യാകുമാരി വരെ 1600 കിലോ മീറ്റര്‍ നീണ്ടുകിടക്കുന്നതാണു പശ്ചിമഘട്ട വനമേഖല. 1,60,000 ചതുരശ്ര കിലോ മീറ്റര്‍ വിസ്തീര്‍ണം. ആറു സംസ്ഥാനങ്ങളില്‍ നീണ്ടുകിടക്കുന്ന ലോകത്തെ അപൂര്‍വ ജൈവസമ്പത്തുകളുടെ കലവറ. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, തമിഴ്‌നാട്, കേരള എന്നിവയാണു പശ്ചിമഘട്ടത്തിന്റെ പരിധിയില്‍. 1600 കിലോ മീറ്റര്‍ നീണ്ട വനമേഖലയ്ക്കു വിടവു വരുന്നതു പാലക്കാട്ട് മാത്രം. 25-40 കിലോ മീറ്ററാണു വിടവ്. പിന്നെ കൊല്ലത്തെ ആര്യങ്കാവിലും ഗോവയിലും ഒരു കിലോ മീറ്റര്‍ ചുവടെവരുന്ന നരിയ വിടവുമുണ്ട്. 1,11,583 തരം ജീവികള്‍ ഇവിടം വസിക്കുന്നുവെന്നാണു കരുതുന്നത്.


മ്യൂസിയത്തിലെ വൈവിധ്യം 

ജീവികളെ സ്റ്റഫ് ചെയ്തതിനൊപ്പം അധ്യാപകനായ സത്യന്‍ മേപ്പയ്യൂര്‍ വരച്ച 72 ജൈവവൈവിധ്യ ചിത്രങ്ങളും അവയുടെ വിശദീകരണങ്ങളും അടങ്ങുന്നതാണു മ്യൂസിയം. തൂക്കണാംകുരുവിയുടെയും തുന്നാരന്റെയും മഞ്ഞത്തേന്‍കുരുവിയുടെയും കൂടുകള്‍ മരത്തില്‍ തൂക്കിയിരിക്കുന്നു. ചാരമണല്‍ കോഴി, കാളിക്കാട തുടങ്ങിയവയുടെ സാന്നിധ്യവുമുണ്ട്.
നക്ഷത്ര ഹോട്ടലുകളില്‍ മാത്രം ലഭിക്കുന്ന 2,000 മുതല്‍ 3,000 വരെ വിലമതിക്കുന്ന ഞണ്ടുകള്‍, 2-3 കിലോ തൂക്കംവരുന്ന കിലോയ്ക്ക് 1,000 രൂപ വിലമതിക്കുന്ന പച്ചഞണ്ട് തുടങ്ങിയവയുണ്ട്. വിലയേറിയ ചിറ്റക്കൊഞ്ചന്‍ ഡിസ്‌പ്ലേ ബോര്‍ഡില്‍ അള്ളിപ്പിടിച്ചു നില്‍ക്കുന്നു. ഒരു ലക്ഷദ്വീപ് സ്വദേശിയില്‍നിന്നു ലഭിച്ചവയാണ് ഇപ്പറഞ്ഞവയൊക്കെ. മലപ്പുറത്തെ കൂട്ടായി കടപ്പുറത്തുനിന്ന് ലഭിച്ച കൊമ്പന്‍ സ്രാവിന്റ  കൊമ്പ് പ്രദര്‍ശനത്തിനുണ്ട്. ഈര്‍ച്ചവാള്‍ പോലത്തെ കൊമ്പിന്റെ ഇരുവശത്തുംകൂടി പല്ലുകള്‍ 32. നീളം ഒരു മീറ്ററില്‍ ഏറെ.


ശലഭവൈവിധ്യം

 പശ്ചിമഘട്ടത്തിലാകെ ഉള്ളത് 332 ഇനം ശലഭങ്ങള്‍. ഇതില്‍ 30 എണ്ണം ഇന്ത്യയില്‍ മാത്രമുള്ളവ. ശലഭ സുന്ദരികളുടെ കൂട്ടത്തില്‍പെട്ടവയാണു ബുദ്ധ പീകോക്. അന്താരാഷ്ട്ര വിപണിയില്‍ വില 60-70 ഡോളര്‍. നിലമ്പൂര്‍ കാടുകളില്‍നിന്നു വിദേശത്തേക്കു കടത്തുന്നതില്‍ ഏറ്റവും കൂടുതല്‍ ഈയിനം ശലഭങ്ങള്‍. രാജ്യത്തെ ഏറ്റവും വലുതാണു ഗരുഡ ശലഭം. ചിറകളവു മാത്രം 19 സെന്റിമീറ്റര്‍. 25 സെന്റിമീറ്റര്‍ ചിറകളവുള്ളവയാണ് ക്വീന്‍ അലക്‌സാന്‍ഡ്രിയ. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 200 ഡോളറോളം വില. മലബാറിലെ താരമാണു മലബാര്‍ ട്രീം നിംഫ് അഥവാ വനദേവത. ഇവയെല്ലാറ്റിനെയും സൂചിയില്‍ കുത്തി നാഫ്‌ത്തെലിനും പാരാഡൈക്ലോറോ ബെന്‍സിനും ഒഴിച്ചു നിര്‍ത്തി ചില്ലിട്ടു പൂട്ടിയിരിക്കുന്നു മ്യൂസിയത്തില്‍.
ഓണത്തുമ്പിയും കുഴിയാനത്തുമ്പിയും ഉള്‍പ്പെടെ 200ഓളം തുമ്പികളുണ്ട് പശ്ചിമഘട്ടത്തില്‍. സ്വര്‍ണാഭരണങ്ങള്‍ക്കു മോഡി കൂട്ടാന്‍ ഉപയോഗിക്കുന്ന തിളങ്ങുന്ന വണ്ടുകളുണ്ട്. ജുവല്‍ ബീറ്റ്ല്‍സ് എന്നാണിവ അറിയിപ്പെടുന്നത്. ചിലന്തികള്‍ 150ഓളം. കടുവാചിലന്തിയെ മ്യൂസിയത്തില്‍ എത്തിച്ചത് കല്ലായിയിലെ മരവ്യാപാര മേഖലയില്‍നിന്ന്. ഇവയ്ക്ക് അന്താരാഷ്ട്ര വിപണിയില്‍ ഒരു ലക്ഷം രൂപയോളം വിലയുണ്ട്. ചിലര്‍ ഇവയെ വളര്‍ത്തുന്നു. മറ്റു ചിലര്‍ അലങ്കാരത്തിനായി അലമാരയില്‍ ചില്ലിട്ടുവയ്ക്കുന്നു.


ചെങ്കണിയാന്‍ അഥവാ മിസ് കേരള

 മീനുകള്‍ 300ഓളം. ഇവയില്‍ 40 ശതമാനം ഇന്ത്യയുടെ തനത് ഇനങ്ങള്‍. സിങ്കപ്പൂരില്‍ മീന്‍ മേളയില്‍ താരമായിരുന്ന ചെങ്കണിയാന്‍ മ്യൂസിയത്തിലുണ്ട്. സിങ്കപ്പൂര്‍ മേളയ്ക്കു ശേഷം ആള് പേരൊന്നു മാറി. ഇപ്പൊ മിസ് കേരളയാണ്. ജോഡിക്കു 3,000 രൂപയോളം വിലയുണ്ട് ഇവയ്ക്ക്. വില്‍പ്പനക്കാര്‍ ആദിവാസികളോട് അഞ്ചു രൂപയ്ക്കാണ് വാങ്ങുകയെന്നു മാത്രം.
തവളകള്‍ ആകെയുള്ളത് 180 ഇനം. ഭൂമിക്കടിയില്‍ സുഖവാസമാക്കിയ പ്രാകൃത ഇനം പാതാളത്തവളയുടെ ചിത്രമുണ്ട്. മുട്ടയിടാന്‍ മാത്രം പുറത്തെത്തുന്ന ഇവയ്ക്ക് ആമത്തവളയെന്നും പേരുണ്ട്. നിലത്തിട്ടാല്‍ ഉടന്‍ കുഴിച്ചു മണ്ണിനടിയില്‍ പോകുന്നതാണു രീതി.
രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളുടെയും ഔദ്യോഗിക പക്ഷികളെ ഇവിടെ പരിചയപ്പെടുത്തുന്നു. ഇതിനു പ്രത്യേക സംവിധാനമുണ്ട്. ഒപ്പം പശ്ചിമഘട്ടത്തിലെ ജീവികളുടെ ഇനം തിരിച്ചുള്ള ഒരു ലഘുവിവരണവും: ഉരഗങ്ങള്‍ ആകെ 70 എണ്ണം. പക്ഷികള്‍ 508. ഇതില്‍ 10 എണ്ണം തനത് ഇനം. പശ്ചിമഘട്ടത്തിലെ ആകെ കക്കകളില്‍ 75 ശതമാനം തനത് ഇനങ്ങള്‍. തവളകളില്‍ 84 ശതമാനവും ഉരഗങ്ങളില്‍ 62ഉം മത്സ്യങ്ങളില്‍ 35ഉം പക്ഷികളില്‍ മൂന്നു ശതമാനവും ഇന്ത്യയില്‍ മാത്രം കണ്ടുവരുന്നവ. ഈ ജൈവസമ്പത്തിലേക്കു വെളിച്ചം വീശുന്നതാണു ജൈവശാസ്ത്ര മ്യൂസിയം. സംസ്ഥാനത്തെ ഏക പശ്ചിമഘട്ട മേഖലാകേന്ദ്രം കൂടിയാണു കോഴിക്കോട്ടേത്.