Thursday 25 August 2016

ഓണ്‍ലൈന്‍ ടാക്‌സികള്‍ക്കെതിരെ കോഴിക്കോട്ട് യൂണിയന്‍ ഗൂണ്ടായിസം; കലക്റ്റര്‍ ബ്രോയും എംഎല്‍എയും കൂട്ട്


യ് ഓട്ടോ എന്ന സിനിമയില്‍ ഗണേഷിന്റെ ഓട്ടോ തള്ളി ഇരുളിന്റെ മറവില്‍ ഉരുട്ടി കുഴിയിലേക്കിടുന്ന ചില ഓട്ടോക്കാരുണ്ടല്ലോ. അവരുടെ പ്രേതം ആവേശിച്ച  ചിലര്‍ ഇപ്പോഴും കോഴിക്കോട്ടെ ഓട്ടോക്കാരിലും ടാക്‌സിക്കാരിലും ഉണ്ടെന്നതാണു സത്യംസംഘടിതശക്തിയുപയോഗിച്ച് ഇരുളിന്റെ മറവില്‍ ഇതരതൊഴിലാളികളെയും പൊതുജനങ്ങളെയും ഒരുപോലെ വെല്ലുവിളിക്കുന്ന ഇവര്‍ രാഷ്ട്രീയക്കാരുടെു തണലില്‍ തടിച്ചുകൊഴുക്കുന്നു. ശേഷം പൊതുജനങ്ങള്‍ക്കുനേരെ പല്ലിളിക്കുന്നു. 



ഏറ്റവുമൊടുവില്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്കെതിരെയാണ് പരാമ്പരാഗത ഓട്ടൊ-ടാക്‌സിക്കാരുടെ സംഘടിത ആക്രമണം. നിലവില്‍ കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ നഗരങ്ങളില്‍ ഓണ്‍ലൈന്‍ ടാക്‌സികളുണ്ട്. ഈയടുത്താണ് കോഴിക്കോട്ട് ഓണ്‍ലൈന്‍ ടാക്‌സി സംവിധാനം ആരംഭിച്ചത്. മാംഗോ കാബ്‌സ് എന്നാണ് പേര്. മറ്റു നഗരങ്ങളിലേതുപോലെ മികച്ച ഓഫറാണ് കോഴിക്കോട്ടും ഓണ്‍ലൈന്‍ ടാക്‌സികളുടെത്. മിനിമം ചാര്‍ജ് 99 രൂപയെന്നതാണ് പ്രധാന ആകര്‍ഷണം. ഈ തുകയ്ക്ക് നാലു കിലോമീറ്റര്‍ യാത്രചെയ്യാം. അതായത്, സാധാരണ ടാക്‌സിക്കാര്‍ 300ഉം 400ഉം 500ഉം എന്നുവേണ്ട തോന്നിയപോലെ ചാര്‍ജ് വാങ്ങുമ്പോള്‍ ഓണ്‍ലൈന്‍ ടാക്‌സിക്കാര്‍ ഓട്ടത്തിനു മാത്രം പണം വാങ്ങുന്നു. മിനിമം ചാര്‍ജില്‍ മാത്രമല്ല ഈ വ്യത്യാസം. തുടര്‍ന്നുള്ള യാത്രകള്‍ക്കും ഓടുന്നതിന് അനുസരിച്ചു തന്നെയാണ് ചാര്‍ജ്. ചെയ്യാത്ത യാത്രയ്ക്കു കൂടി പണം നല്‍കേണ്ടിവരുന്ന പതിവു രീതിയില്‍നിന്നു വ്യത്യസ്തമായി, വര്‍ഷങ്ങളായി ജനം ആഗ്രഹിക്കുന്നതാണ് ഓണ്‍ലൈന്‍ ടാക്‌സിക്കാര്‍ യാഥാര്‍ഥ്യമാക്കിയതെന്നര്‍ഥം. 

എന്നാല്‍, മറ്റു നഗരങ്ങളില്‍ യാത്രക്കാര്‍ക്ക് അനുഗ്രഹമായി ഓണ്‍ലൈന്‍ ടാക്‌സികള്‍ ചീറിപ്പായുമ്പോള്‍ കോഴിക്കോട് സ്ഥിതി നേരെ തിരിച്ചാണ്. യൂണിയന്‍ ബലവും ഗൂണ്ടായിസവും കൊണ്ട് ഓണ്‍ലൈന്‍ ടാക്‌സികളെ കെട്ടുകെട്ടിക്കാനുള്ള ഒരുക്കത്തിലാണ് പരമ്പരാഗത ടാക്‌സിക്കാര്‍. ഇതിന് ഓട്ടോ ഡ്രൈവര്‍മാരും കൂട്ടുണ്ട്. കാരണം മറ്റൊന്നല്ല. ഓട്ടോകള്‍ വാങ്ങുന്നതിനെക്കാള്‍ കുറവാണ് പലപ്പോഴും ഓണ്‍ലൈന്‍ ടാക്‌സികളുടെ നിരക്ക്. രാത്രികാലങ്ങളില്‍ പ്രത്യേകിച്ചും. ഓഡി, ജാഗ്വര്‍, ബിഎംഡബ്ല്യൂ ഉള്‍പ്പെടെയുള്ള നിരയാണ് മാംഗോ കാബ്‌സില്‍ 99 രൂപയ്ക്ക് ഓടാനിരിക്കുന്നതും. 



കോഴിക്കോട്ടെ ഓട്ടോക്കാര്‍ കേരളത്തിലെ ഏറ്റവും നല്ല ഓട്ടോക്കാരാണെന്നാണ് ചിലരെങ്കിലും വിശേഷിപ്പിക്കാറുള്ളത്. നല്ലവര്‍ ഇല്ലെന്നല്ല. പക്ഷെ, ഇവരില്‍ പലരും ശരാശരിയിലും താഴെയുള്ള പിടിച്ചുപറിക്കാരാണെന്നാണ് പല യാത്രക്കാരുടെയും അനുഭവം. ഡ്രൈവര്‍മാര്‍ക്കു സൗകര്യമുള്ള സ്ഥലത്താണു പോവുക. അല്ലാതെ യാത്രക്കാര്‍ ആവശ്യപ്പെടുന്നിടത്തല്ല. പരാതികള്‍ കുന്നുകൂടിയപ്പോള്‍ മുന്‍ ജില്ലാ കലക്റ്റര്‍ ഡോ. പി.ബി സലീം ഓറഞ്ച് ഓട്ടോ എന്ന പേരില്‍ നാട്ടിന്‍പുറത്തുനിന്ന് ഓട്ടോകള്‍ കൊണ്ടുവന്ന് രാത്രികാല സര്‍വിസ് ആരംഭിച്ചിരുന്നു. യൂണിയന്‍ ബലത്തിന്റെയും ഗൂണ്ടായിസത്തിന്റെയും മിടുക്കില്‍ ഇരുളിന്റെ മറവില്‍ ഒളിഞ്ഞിരുന്ന് ആക്രമിച്ച് ഓട്ടോക്കാര്‍ ഓറഞ്ചുകാരെ നാടുകടത്തി. ക്ഷണച്ചുകൊണ്ടുവന്നവര്‍ക്ക് സംരക്ഷണം പോലും കൊടുക്കാന്‍ കഴിയാതെ ജില്ലാ കലക്റ്ററുടെ നാണവും മാനവും പോയി. ഇപ്പോള്‍ ഇതേ സംഘബലമുപയോഗിച്ച് ഓണ്‍ലൈന്‍ ടാക്‌സിക്കാരെയും നേരിടാനാണ് സംഘടിത തൊഴിലാളികളുടെ ശ്രമം. കഴിഞ്ഞ ദിവസം മാംഗോ ടാക്‌സികള്‍ക്കെതിരെ കോഴിക്കോട്ട് ആക്രമണവുമുണ്ടായി. 




ഓണ്‍ലൈന്‍ ടാക്‌സിക്കെതിരെ ചൊവ്വാഴ്ച കോഴിക്കോട് നഗരത്തില്‍ ഓട്ടോക്കാരും ടാക്‌സിക്കാരും പണിമുടക്കു നടത്തി കലക്റ്ററേറ്റില്‍ ധര്‍ണ സംഘടിപ്പിച്ചിരുന്നു. ശേഷം ജില്ലാ കലക്റ്ററുടെ സാന്നിധ്യത്തില്‍ അനുരഞ്ജന ചര്‍ച്ച സംഘടിപ്പിച്ചു. ഈ ചര്‍ച്ചയില്‍ മിനിമം ചാര്‍ജ് 99 രൂപയില്‍നിന്ന് 150 ആക്കി ഉയര്‍ത്താന്‍ തീരുമാനമായി എന്നാണു വിവരം. അതായത് ടാക്‌സി ഉടമകളെ വേണ്ടവിധം വിരട്ടി എന്നര്‍ഥം. ജനകീയനെന്നു വിശേഷിപ്പിക്കപ്പെടുന്ന കോഴിക്കോട്ടെ എംഎല്‍എ എ. പ്രദീപ്കുമാറിനെയും ന്യൂജെന്‍ ബ്രൊ ജില്ലാ കലക്റ്റര്‍ എന്‍. പ്രശാന്തിനെയും ഉപയോഗിച്ചായിരുന്നു ഈ സമ്മര്‍ദ-വിരട്ടല്‍ നാടകം. ഒടുവില്‍ ഓണ്‍ലൈന്‍ ടാക്‌സി ഉടമകള്‍ക്കു വഴങ്ങേണ്ടി വരുന്നു എന്നാണു സൂചനകള്‍. ജനം പിന്നെയും ശശി...